തിരുവനന്തപുരം: വാരാന്ത്യ ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ചത്തെ അവലോകന യോഗത്തിന് ശേഷം വാരാന്ത്യ ലോക്ഡൗണ്‍ തുടരുമോ എന്നതിലും ഇളവുകളുടെ കാര്യത്തിലും തീരുമാനമെടുക്കും. ടിപിആർ വളരെ കുറവുള്ള ഇടങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയേക്കും.
ഈ മാസം 23 വരെയാണ് നിലവിലെ നിയന്ത്രണങ്ങൾ. ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് കുറയുന്നെങ്കിലും പ്രതീക്ഷിച്ചത് പോലെയല്ല മാറ്റം. ഇതിനോടകം ടിപിആർ പത്തിൽ താഴെക്ക് എത്തുമെന്ന് കണക്കുകൂട്ടിയെങ്കിലും നിലവിൽ പത്ത് ശതമാനം കടന്ന് തന്നെയാണ് കണക്കുള്ളത്. അതിതീവ്ര വ്യാപനമേഖലകളുടെ എണ്ണം കുറയുന്നതാണ് ആശ്വാസം. നിലവിൽ 16 തദ്ദേശ സ്ഥാപനങ്ങളിലാണ് 30 ശതമാനത്തിൽ കൂടുതൽ ടിപി നിരക്കുള്ളത്. എട്ട് ശതമാനത്തിനും മുപ്പത് ശതമാനത്തിനും ഇടയിൽ ടിപിആർ ഉള്ള മേഖലകളാണ് സംസ്ഥാനത്ത് എൻപത് ശതമാനവും. ഇത് കുറക്കുന്നതാവും കൂടുതൽ ഇളവുകൾ ഏർപ്പെടുത്തുന്നതിൽ നിർണ്ണായകം. ടിപിആർ വളരെ കുറവുള്ള ഇടങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകുന്നതിലും ബുനനാഴ്ചത്തെ വിലയിരുത്തലിന് ശേഷമാകും തീരുമാനം.
അതേസമയം, സംസ്ഥാനത്ത് ഇന്നലെ 11,647 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട് 979, ആലപ്പുഴ 638, കോട്ടയം 600, കണ്ണൂര്‍ 486, കാസര്‍ഗോഡ് 476, ഇടുക്കി 430, പത്തനംതിട്ട 234, വയനാട് 179 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.