ധരംശാല: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനലിലേക്ക് രാജകീയ പ്രവേശനവുമായി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. ആവേശകരമായ ഒന്നാം ക്വാളിഫയറില്‍ ഗുജറാത്തിനെ 92 റണ്‍സിന് തകര്‍ത്താണ് ആര്‍സിബി തുടര്‍ച്ചയായ രണ്ടാം വർഷവും ഫൈനലിൽ ഇടംപിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു ഉയര്‍ത്തിയ 255 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് 19.3 ഓവറില്‍ 162 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ആർസിബിക്കായി തകർപ്പൻ ബൗളിങ് കാഴ്ചവെച്ച ജേക്കബ് ഡഫി മൂന്ന് വിക്കറ്റെടുത്തു. നേരത്തേ വിരാട് കോലി, ക്രുണാല്‍ പാണ്ഡ്യ, രജത് പാട്ടിദാർ എന്നിവരുടെ തകർപ്പൻ ഇന്നിങ്‌സുകളാണ് ബെംഗളൂരുവിന് ഐപിഎൽ പ്ലേഓഫ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോർ സമ്മാനിച്ചത്.
കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് പവർ പ്ലേ ഓവറുകളിൽ തന്നെ കനത്ത പ്രഹരമേറ്റു. പവർ പ്ലേ അവസാനിക്കുമ്പോൾ തന്നെ അഞ്ച് മുൻനിര വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്. മൂന്നാം ഓവറില്‍ ഓപ്പണർ സായ് സുദര്‍ശന്റെ (14) വിക്കറ്റാണ് ഗുജറാത്തിന് ആദ്യം നഷ്ടമായത്. തൊട്ടുപിന്നാലെ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ വെറും രണ്ട് റണ്‍സ് മാത്രമെടുത്ത് കൂടാരം കയറിയതോടെ ഗുജറാത്ത് കടുത്ത സമ്മർദ്ദത്തിലായി. പിന്നീട് ക്രീസിലെത്തി തകർത്തടിച്ച ജോസ് ബട്ട്‌ലര്‍ (11 പന്തിൽ 29) ടീമിന് നേരിയ പ്രതീക്ഷ നൽകിയെങ്കിലും അമ്പത് റൺസ് പിന്നിട്ട ഉടനെ താരം പുറത്തായി. അഞ്ചോവറില്‍ 51-3 എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തിൽ ഗുജറാത്ത്.
റാസിഖ് സലാം ദാര്‍ എറിഞ്ഞ ആറാം ഓവറില്‍ ഗുജറാത്ത് ബാറ്റിങ് നിര അക്ഷരാര്‍ഥത്തില്‍ തകരുകയായിരുന്നു. ഒരു റൺ പോലും വിട്ടുകൊടുക്കാതെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ആ ഓവർ മത്സരത്തിൽ നിർണായകമായി മാറി. നിഷാന്ത് സിന്ധു (5), ജേസണ്‍ ഹോള്‍ഡര്‍ (0) എന്നിവരാണ് ആ ഓവറിൽ പുറത്തായത്. പിന്നീട് വന്ന മധ്യനിരയ്ക്ക് ആർസിബി ബൗളിങ്ങിന് മുന്നിൽ പിടിച്ചുനില്‍ക്കാനായില്ല. വാഷിങ്ടണ്‍ സുന്ദര്‍ (8), റാഷിദ് ഖാന്‍ (8), കഗിസോ റബാദ (9) എന്നിവരും നിരാശപ്പെടുത്തി. ഗുജറാത്തിനായി രാഹുല്‍ തെവാട്ടിയ മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതിയത്. 43 പന്തില്‍ 9 സിക്സറുകളുടെ അകമ്പടിയോടെ 68 റണ്‍സെടുത്ത തെവാട്ടിയയുടെ പ്രകടനം തോല്‍വിഭാരം കുറയ്ക്കാന്‍ വേണ്ടി മാത്രമാണ് സഹായിച്ചത്. ഒടുവിൽ 162 റൺസിന് ടീം ഓൾഔട്ടായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബിക്ക് ഓപ്പണര്‍ വെങ്കടേഷ് അയ്യര്‍ (7 പന്തില്‍ 19) വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ വെങ്കടേഷ് ആദ്യ ഓവറിൽ 14 റൺസ് നേടി. തൊട്ടടുത്ത ഓവറില്‍ റബാദയ്ക്കെതിരെ സിക്സറും നേടിയ വെങ്കടേഷ് തൊട്ടടുത്ത ഓവറില്‍ പുറത്തായി. എന്നാല്‍ പിന്നീടെത്തിയ ദേവ്ദത്ത് പടിക്കലും വിരാട് കോലിയും ഇതേ വേഗതയിൽ തന്നെ റൺസ് ഉയർത്തിയതോടെ ആര്‍സിബി സ്‌കോർ കുതിച്ചുയർന്നു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റിന് 76 എന്ന നിലയിലായിരുന്നു ആര്‍സിബി. ഐപിഎല്‍ പ്ലേഓഫിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ പവര്‍പ്ലേ സ്‌കോറാണിത്. ഒന്‍പതാം ഓവറില്‍ കോലിയെയും പടിക്കലിനെയും ഒന്നിടവിട്ട പന്തുകളിൽ പുറത്താക്കി ജയ്സന്‍ ഹോള്‍ഡര്‍ ആര്‍സിബിക്ക് ഇരട്ടപ്രഹരം നൽകി.
ഇതിനുശേഷമാണ് നാലാം വിക്കറ്റിൽ രജത് പാട്ടിദാറും ക്രുനാൽ പാണ്ഡ്യയും ഒന്നിച്ചത്. ഇരുവരും നിലയുറപ്പിക്കാൻ സമയമെടുത്തതോടെ മധ്യഓവറുകളിൽ റൺറേറ്റ് അല്പം കുറഞ്ഞു. എന്നാൽ 15-ാം ഓവറിൽ കുൽവന്ത് ഖെജ്രോലിയ്‌ക്കെതിരെ 28 റൺസ് അടിച്ചുകൂട്ടിയാണ് ആർസിബി വീണ്ടും മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നത്. പിന്നീടുള്ള അഞ്ച് ഓവറുകളിൽ 21, 15, 10, 21, 19 എന്നിങ്ങനെയായിരുന്നു ആർസിബിയുടെ റൺവേട്ട. ഇതിനിടെ ക്രുനാൽ പാണ്ഡ്യയും ടിം ഡേവിഡും പുറത്തായെങ്കിലും രജത് പാട്ടിദാർ തകർത്തടിച്ച് മുന്നേറി. ആകെ 9 സിക്സും 5 ഫോറും പറത്തി 93 റൺസ് നേടിയ പാട്ടിദാറാണ് ആർസിബിയുടെ ടോപ് സ്കോറർ. ഏഴാമനായി ഇറങ്ങിയ ജിതേഷ് ശർമ 15 റൺസോടെ പുറത്താകാതെ നിന്നു.
നിശ്ചിത 20 ഓവറിൽ ബംഗളൂരു അടിച്ചുകൂട്ടിയ 255 റൺസ് ഐപിഎൽ പ്ലേഓഫ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടോട്ടലാണ്. 2023-ൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് നേടിയ 233/3 എന്ന റെക്കോർഡാണ് ആർസിബി തകർത്തത്. ഗുജറാത്തിനായി കഗീസോ റബാദയും ജയ്സൻ ഹോൾഡറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരാജയപ്പെട്ടെങ്കിലും ഗുജറാത്തിന് ഫൈനലിൽ പ്രവേശിക്കാൻ ഇനിയും ഒരു അവസരമുണ്ട്. എലിമിനേറ്റർ മത്സരത്തിലെ വിജയികളുമായി ഗുജറാത്ത് ക്വാളിഫയർ 2-ൽ ഏറ്റുമുട്ടും. അതിൽ വിജയിക്കുന്നവരാകും കലാശപ്പോരാട്ടത്തിൽ ബംഗളൂരുവിന്റെ എതിരാളികൾ. രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് ബുധനാഴ്ചത്തെ എലിമിനേറ്റർ പോരാട്ടം.
Royal Challengers Bengaluru stormed into the IPL finals for the second consecutive year after defeating Gujarat by 92 runs in the Qualifier 1 at Dharamshala. Batting first, RCB posted a record-breaking playoff total of 255, powered by Rajat Patidar’s brilliant 93 and strong contributions from Virat Kohli and Krunal Pandya. In reply, Gujarat’s batting line-up collapsed under pressure and was bowled out for 162 in 19.3 overs, despite a fighting half-century from Rahul Tewatia (68).


