മുംബൈ: കോവിഡ് മൂലം ഇന്ത്യന്‍ സമ്പദ്‌വ്യവസ്‌ഥയ്‌ക്ക് കോട്ടം സംഭവിക്കില്ല എന്ന തരത്തില്‍ താന്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ അടിസ്‌ഥാനരഹിതമാണെന്നു ടാറ്റാ ഗ്രൂപ്പ് മേധാവി രത്തന്‍ ടാറ്റ. വൈറസ് ബാധയ്‌ക്ക് ശേഷവും ഇന്ത്യന്‍ സമ്പദ്‌വ്യവസ്‌ഥ വലിയതോതില്‍ തിരിച്ചുവരും എന്നരീതിയില്‍ രത്തന്‍ ടാറ്റ പറഞ്ഞതായുള്ള പോസ്‌റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.ഇത് പല മാധ്യമങ്ങളും വാർത്തയാക്കുകയും ചെയ്തിരുന്നു.
മലയാളത്തിലെ ചില പ്രമുഖ മാധ്യമങ്ങളും ഇത് വാർത്തയാക്കിയിരുന്നു.ഇതിനു പിന്നാലെയാണു വിശദീകരണവുമായി ടാറ്റ തന്നെ രംഗത്തെത്തിയത്. “ഈ പോസ്‌റ്റ് ഞാന്‍ എഴുതുകയോ പറയുകയോ ചെയ്‌തതല്ല. വാട്‌സാപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും പ്രചരിച്ച വാര്‍ത്ത പരിശോധിക്കാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍, അത് എന്റെ ഔദ്യോഗിക ചാനലുകളില്‍ പറയും. നിങ്ങള്‍ സുരക്ഷിതരാണെന്നും ശ്രദ്ധിക്കുമെന്നും പ്രതീക്ഷിക്കുന്നു” -രത്തന്‍ ടാറ്റ ട്വീറ്റ് ചെയ്‌തു.
ഈ സമയത്ത് വളരെ പ്രചോദനപരമായത് എന്ന തലക്കെട്ടോടെയാണു ടാറ്റയുടെ വാക്കുകള്‍ എന്ന രീതിയില്‍ പോസ്‌റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ഇംഗ്ലീഷ് പോസ്‌റ്റിലെ വ്യാകരണ പിശകുകള്‍ നിരവധിപേര്‍ ചൂണ്ടിക്കാട്ടിയിരുന്നു.