കടുത്തുരുത്തി: കർഷകരുടെ ആഴ്ചകൾ നീണ്ട കാത്തിരിപ്പിന് ശേഷം മുളക്കുളം ഇടയാറ്റ് പാടവും, മുളക്കുളം സൗത്ത് പാടശേഖരവും കൊയ്യുന്നതിന് മോൻസ് ജോസഫ് എംഎൽഎ യുടെയും, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും, പാടശേഖര കമ്മറ്റിയുടെയും നേതൃത്വത്തിൽ നടത്തിയ കൂട്ടായ പരിശ്രമം അവസാനം വിജയത്തിലെത്തി. ആറ് കൊയ്ത്ത് യന്ത്രങ്ങൾ മുളക്കുളം പാടത്ത് ഒന്നിച്ചിറക്കി കൊയ്ത്ത് ആരംഭിച്ചതിന്റെ സന്തോഷത്തിലാണ് മുളക്കുളത്തെ കൃഷിക്കാർ.
ഒരു ദിവസം നീണ്ട് നിന്ന ഉദ്യോഗസ്ഥ യുദ്ധത്തിന് ശേഷമാണ് എംഎൽഎയുടെ ശക്തമായ ഇടപെടൽ മൂലം കൊയ്ത്ത് യന്ത്രങ്ങൾ മുളക്കുളം പാടത്ത് എത്തിയതെന്ന് പാടശേഖര കമ്മറ്റി ഭാരവാഹികളായ ബൈജു ചെത്തുകുന്നേൽ, ജയൻ മൂർക്കാട്ടിൽ എന്നിവർ വ്യക്തമാക്കി.
കൊയ്ത്ത് യന്ത്രം ലഭിക്കാതെ കഷ്ടത്തിലായിരുന്ന മുളക്കുളം ഇടയാറ്റുപാടവും, മുളക്കുളം സൗത്ത് പാടശേഖരവും കൊയ്യുന്നതിന് സ്വകാര്യ സ്ഥാപനം കനിഞ്ഞ് അഞ്ചു കൊയ്ത്ത് യന്ത്രങ്ങൾ ലഭ്യമാക്കിയപ്പോൾ ആലപ്പുഴ ജില്ലാ ഭരണകൂടവും, ആലപ്പുഴയിലെ കൃഷിവകുപ്പ് അധികൃതരും, പോലീസുകാരും വില്ലൻ റോളിൽ എത്തിയത് കർഷകരുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി.
ആഴ്ചകളായി വിളഞ്ഞ് കിടക്കുന്ന മുളക്കുളത്തെ പാടശേഖരങ്ങൾക്ക് സർക്കാർ വക കൊയ്ത്ത് യന്ത്രം കിട്ടുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ നിയമാനുസൃതം പാടശേഖര കമ്മറ്റി രജിസ്ട്രേഷൻ നടത്തിയിരുന്നെങ്കിലും ആവശ്യത്തിന് സർക്കാർ യന്ത്രം ഇല്ലാത്തത് മൂലം ഇതുവരെ ഒരു നടപടിയും ഉണ്ടാകാത്ത മൂലം കൃഷിക്കാർ വിഷമത്തിലായിരുന്നു. ശക്തമായ മഴയും ആരംഭിച്ചതിനെ തുടർന്ന് നെല്ല് നശിച്ചു പോകുമല്ലോ എന്ന ആശങ്കയിൽ ജില്ലാ പഞ്ചായത്ത് കൊയ്ത്ത് യന്ത്രത്തിന്റെ ചുമതലക്കാരൻ എൻജിനീയറെ കൃഷിക്കാർ സമീപിച്ചിട്ടും രക്ഷയില്ലാതെ വന്നപ്പോൾ മോൻസ് ജോസഫ് എംഎൽഎ മുഖാന്തിരം ഇടപെടൽ നടത്തുകയാണ് ആദ്യം ചെയ്തത്. അവസാനം ഒരു കൊയ്ത്ത് യന്ത്രം ജില്ലയിൽ നിന്ന് ഇന്ന് ക്രമീകരിച്ചെങ്കിലും, ഇത് മുളക്കുളത്തെ ആവശ്യത്തിന് ഒട്ടും പര്യാപ്തമായിരുന്നില്ല. അതേ തുടർന്ന് സ്വകാര്യ ഏജൻസികളുടെ സഹായം തേടി മുളക്കുളത്തെ കൃഷിക്കാർ വിവിധ സ്ഥലങ്ങളിൽ അന്വേഷണം ആരംഭിച്ചു. കോട്ടയം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ സഹായത്തോടെ സ്വകാര്യ യന്ത്രങ്ങൾക്ക് ക്രമീകരണം ഇന്നലെ രാത്രിയിൽ ഏർപ്പാടാക്കി. കോട്ടയം ജില്ലയിൽ കൊയ്ത്ത് നടത്തിയിരുന്ന അഞ്ച് യന്ത്രങ്ങൾ ജങ്കാർ മാർഗ്ഗം കുട്ടനാട് കൈനകരിയിൽ ഇറക്കിയശേഷം ലോറിയിൽ കയറ്റി ആലപ്പുഴ – മുഹമ്മ – തണ്ണീർമുക്കം – വൈക്കം – തലയോലപ്പറമ്പ് വഴി പെരുവയിലേക്ക് പോരുന്നതിനിടയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ഭാഗത്തു വെച്ച് ഇന്ന് രാവിലെ പോലീസ് തടഞ്ഞ് പരിശോധന നടത്തിയതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.
കോട്ടയം ജില്ലയിൽ കൊയ്യുന്ന വണ്ടികൾ എന്തിനാണ് ആലപ്പുഴ വഴി വന്നതെന്ന ചോദ്യമാണ് പോലീസ് ഉന്നയിച്ചത്. നാട്ടകം – തിരുവാർപ്പ് പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള ജഡ്ജി ആറായിരം എഫ് ബ്ലോക്ക് കായൽ തീരത്തായത് കൊണ്ട് ജങ്കാറിൽ കൊയ്ത്ത് യന്ത്രങ്ങൾ കൈനകരി ജെട്ടിയിൽ ഇറക്കിയ ശേഷം ലോറിയിൽ റോഡ് മാർഗം കൊണ്ടുവരികയാണ് എളുപ്പമാർഗ്ഗം എന്നത് കൊണ്ടാണെന്ന് യന്ത്രത്തിന്റെ ഉടമസ്ഥനായ കൈനകരി കാളാശ്ശേരി, ജോസിച്ചൻ തോമസ് പോലീസ് അധികൃതരെ നേരിട്ടെത്തി അറിയിക്കുകയുണ്ടായി.
വണ്ടി എടുക്കാൻ നേരിട്ട് പോയിരുന്ന മുളക്കുളം പാടശേഖര കമ്മറ്റി ഭാരവാഹികളായ ബൈജു ചെത്തുകുന്നേൽ, ജയൻ മൂർക്കാട്ടിൽ എന്നിവരും അഞ്ച് വണ്ടികളും കോട്ടയം ജില്ലയിൽ ഓടാനുള്ളതാണന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും സമ്മതിക്കാതെ വന്നപ്പോൾ മുളക്കുളത്തെ കൃഷിക്കാർ മുൻ പഞ്ചായത്ത് പ്രസിഡന്റ് സജീവ് എബ്രഹാം, മുൻ മെമ്പർ തോമസ് മുണ്ടുവേലി എന്നിവർ മുഖാന്തിരം മോൻസ് ജോസഫ് എംഎൽഎയെ ബന്ധപ്പെടുകയും, അടിയന്തരമായി കോട്ടയം, ആലപ്പുഴ ജില്ലാ പോലീസ് ചീഫ് മാരെ പ്രശ്നപരിഹാരത്തിന് ഇടപെടണമെന്ന് എംഎൽഎ ആവശ്യപ്പെടുകയും ചെയ്തു. രണ്ട് പേരും തമ്മിൽ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ തമ്മിൽ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന ധാരണയോടെ രണ്ട് കളക്ടർമാരെയും എംഎൽഎ ഉടനെ വിളിച്ചു. ആലപ്പുഴ ജില്ലയിൽ ഹെക്ടർ കണക്കിന് പാടം കൊയ്യാൻ ഉള്ളതുകൊണ്ട് വണ്ടി ആലപ്പുഴയിൽ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി സുധാകരൻ സംഭവ സ്ഥലത്ത് ഉടനെ എത്തിച്ചേർന്നു. കോട്ടയം ജില്ലയ്ക്കുള്ള വണ്ടി ആണെന്ന് മുളക്കുളത്തെ കൃഷിക്കാരും, വാഹന ഉടമസ്ഥനും മന്ത്രിയെ ധരിപ്പിച്ചപ്പോൾ ആലപ്പുഴയിലെ പ്രശ്നം കൂടി പരിശോധിച്ച് കളക്ടന്മാർ തീരുമാനിക്കട്ടെയെന്ന് പറഞ്ഞ് മന്ത്രി ഒഴിവായി. പ്രശ്നം കൂടുതൽ സങ്കീർണ്ണമായപ്പോൾ കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രി പി തിലോത്തമൻ, കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ എന്നിവരെ മോൻസ് ജോസഫ് നേരിട്ട് വിളിച്ച് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ട് മന്ത്രിമാരും നിർദ്ദേശിച്ചത് പ്രകാരം ആലപ്പുഴ, കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫീസർമാരെ എംഎൽഎ ബന്ധപ്പെട്ട് ഒരു ധാരണയുണ്ടാക്കി.
ആലപ്പുഴ വഴി വന്ന വണ്ടികൾ കോട്ടയം ജില്ലയിൽ ഓടാനുള്ളതാണെന്നും, മുളക്കുളത്തേക്ക് പോകാൻ അനുമതി നൽകണമെന്നും കാണിച്ച് കോട്ടയം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ, ആലപ്പുഴ ജില്ലാ ഓഫീസർക്ക് കത്ത് നൽകാനും ഇതുപ്രകാരം വണ്ടികൾ വിട്ടുകൊടുക്കാമെന്നും ജില്ലാ കളക്ടറും, കൃഷിവകുപ്പും, പോലീസും ചേർന്ന് ധാരണ അംഗീകരിച്ചു. ഇത്രയും കാര്യങ്ങൾ ചെയ്ത് തീർന്നപ്പോൾ ആലപ്പുഴയിൽ നിന്ന് അടുത്ത ആവശ്യവുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥർ രംഗത്ത് വന്നു. മാവേലിക്കരയിലേക്ക് രണ്ട് വണ്ടി കൊടുത്താൽ മാത്രമേ വണ്ടി വിടുകയുള്ളൂവെന്ന നിലപാട് ഉടനെ ഉണ്ടായി. കൊയ്ത്തിന്റെ കാര്യമായതുകൊണ്ട് എം എൽ എ മോൻസ് ജോസഫ് ഇടപെട്ട് വണ്ടി ഉടമസ്ഥൻ ഉൾപ്പെടെയുള്ളവരുമായി സംസാരിച്ച് രണ്ട് മണിക്കൂറിനുള്ളിൽ വണ്ടി എത്തിക്കാമെന്ന് ഉറപ്പുകൊടുത്തു. അതുവരെ പറഞ്ഞ എല്ലാ കാര്യങ്ങളും അംഗീകരിച്ച സാഹചര്യത്തിൽ മുളക്കുളം കാരുടെ അഞ്ച് വണ്ടികളും വിട്ട് കൊടുക്കുന്നതിന് പകരം കൊയ്ത്ത് യന്ത്രത്തിന്റെ ഉടമസ്ഥൻ വന്ന വാഹനം സ്റ്റേഷനിൽ കയറ്റി ഇടാനാണ് പോലീസ് തയ്യാറായത്. മാവേലിക്കരയിലെ വണ്ടി സ്ഥലത്ത് എത്തി ചേർന്ന ശേഷമല്ലാതെ മുളക്കുളത്തെ വണ്ടി വിടാൻ കൃഷിവകുപ്പ് സമ്മതിക്കില്ലെന്ന് ആലപ്പുഴ ജില്ലാ ഓഫീസർ ദുർവാശി കാണിച്ചപ്പോൾ തെറ്റായ ഈ നടപടിക്കെതിരെ മോൻസ് ജോസഫ് എം എൽ എ ശക്തമായി പ്രതികരിച്ചു.
കുട്ടനാട് – അപ്പർ കുട്ടനാട് മേഖലയിൽ സർക്കാർ
ഉടമസ്ഥതയിലുള്ള ഭൂരിപക്ഷം കൊയ്ത്ത് യന്ത്രങ്ങളും ഉപയോഗിക്കാൻ കഴിയാതെ ഷെഡിൽ കയറ്റി ഇട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, ഇതൊക്കെ നന്നാക്കി കൃഷിക്കാരെ സഹായിക്കാൻ തയ്യാറാകാതെ ഇരിക്കുമ്പോൾ സഹായിക്കാൻ വരുന്ന സ്വകാര്യ വ്യക്തികളെ അന്യായമായി കഷ്ടപ്പെടുത്താൻ ആലപ്പുഴ ജില്ലാ ഭരണകൂടവും, കൃഷിവകുപ്പും കാണിക്കുന്ന ധിക്കാരപരമായ നടപടി അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിനും, പ്രതികരിക്കലിനും കർഷകർ നിർബന്ധിതമാകുമെന്ന് മോൻസ് ജോസഫ് പ്രധാന ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി. ഇതിനിടയിൽ ആലപ്പുഴ, കോട്ടയം ജില്ലകളിലായി 250 കൊയ്ത്ത് യന്ത്രങ്ങളുമായി കർഷകരെ സഹായിച്ചു കൊണ്ട് വിവിധ പാടങ്ങളിൽ കൊയ്ത്ത് നടത്തി കൊണ്ടിരുന്ന തന്റെ സ്വകാര്യ കൊയ്ത്ത് യന്ത്രങ്ങൾ പണി നിർത്തി വയ്ക്കാൻ ഉടമസ്ഥനായ കാളാശ്ശേരി ജോസിച്ചൻ തന്റെ വാഹന നോട്ടക്കാർക്ക് നിർദ്ദേശം കൊടുത്തു. എല്ലാം നിർത്തി വെച്ചതിനെ തുടർന്ന് കൊയ്ത്ത് രംഗത്ത് പൂർണ്ണ സ്തംഭനകരമായ കാര്യങ്ങൾ അന്വേഷിച്ച് മാധ്യമ പ്രവർത്തകരും ആലപ്പുഴയിൽ രംഗത്ത് വന്നപ്പോഴാണ് ഉദ്യോഗസ്ഥരുടെ അപ്രായോഗികവും, അനാവശ്യവുമായ നിലപാട് മൂലം ഒരു ദിവസത്തെ കൊയ്ത്ത് നഷ്ടമാക്കിയ സാഹചര്യം ചർച്ചയായത്. അവസാനം മുളക്കുളത്തേക്കുള്ള അഞ്ച് വണ്ടികൾ വിട്ടുകൊടുക്കുകയും, പ്രശ്നങ്ങൾ പരിഹരിച്ച് കർഷക പ്രതിനിധികൾ കോട്ടയം ജില്ലയിലേക്ക് പോരുകയും ചെയ്തു.
കുട്ടനാട് – അപ്പർ കുട്ടനാട് മേഖലയിൽ ഉണ്ടാകുന്ന ഇത്തരം നിർഭാഗ്യ സ്ഥിതിവിശേഷം ഒഴിവാക്കാൻ കോട്ടയം – ആലപ്പുഴ കളക്ടർമാരുടെ തലത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ ദുർവിനിയോഗം ചെയ്യാൻ ആരെയും അനുവദിക്കരുതെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു.
കൊയ്ത്ത് നടത്തുന്നതിന് ആവശ്യത്തിന് സർക്കാർ യന്ത്രം ലഭിക്കാത്ത സ്ഥിതിവിശേഷം എല്ലാവർഷവും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. കേടായ സർക്കാർ യന്ത്രങ്ങൾ കൃത്യമായി നന്നാക്കി പ്രവർത്തിപ്പിക്കാൻ പോലും കഴിയാത്തത് അപമാനകരമാണ്. വരും വർഷങ്ങളിലെങ്കിലും ഈ ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് സർക്കാർ മുൻഗണന നൽകണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലയ്ക്കും, കോട്ടയം ജില്ലയ്ക്കും കൃത്യമായി നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്വകാര്യ കൊയ്ത്ത് യന്ത്രങ്ങൾക്കും പ്രവർത്തിക്കാനുള്ള സാഹചര്യം സർക്കാർ ഉറപ്പുവരുത്തണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു.
പ്രശ്ന പരിഹാരത്തിന് മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ തുടർച്ചയായി നടത്തിയ ശക്തമായ ഇടപെടലും, കോട്ടയം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സലോമി മേഡത്തിന്റെ സഹകരണവുമാണ് മുളക്കുളത്തേക്ക് കൊയ്ത്ത് യന്ത്രങ്ങൾ ലഭ്യമാക്കാനുള്ള സാഹചര്യം ഉണ്ടാക്കിയതെന്ന് കൃഷിക്കാർ ചൂണ്ടിക്കാട്ടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News