ന്യൂഡൽഹി : തെന്നിന്ത്യൻ നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ച കേസിൽ ബീഹാർ സ്വദേശിയായ 19കാരനെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്, വീഡിയോ ഈ യുവാവാണ് ആദ്യം പ്രചരിപ്പിച്ചതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
ഡിപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ച കേസിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ കേസെടുത്തത്. വ്യാജമായി വീഡിയോ നിർമ്മിച്ചതിനും ഐ.ടി ആക്ടും ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ കേന്ദ്ര ഐ.ടി മന്ത്രാലയം വീഡിയോയ്ക്കെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അഥേസമയം രശ്മികയുടെ മറ്റൊരു ഡീപ്പ് ഫേക്ക് വീഡിയോ കൂടി പുറത്തുവന്നിരുന്നു. എന്നാൽ ആദ്യ ക്ലിപ്പ് പോലെ അശ്ലീല വീഡിയോ അല്ല ഇപ്പോൾ പുറത്തുവന്നത്. മറ്റൊരു യുവതിയുടെ മുഖത്ത് രശ്മികയുടെ മുഖം മോർഫ് ചെയ്ത രീതിയിലാണ് വീഡിയോ. ക്രഷ്മിക എന്ന പേരിലുള്ള രശ്മികയുടെ ഫാൻ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.