സംസാരശേഷി നഷ്ടപ്പെട്ട് ഒരു ഭാഗം തളർന്ന രോഗിക്ക് പുതുജീവൻ; കോഴിക്കോട് മെഡിക്കൽ കോളേജിൽ അപൂർവ്വ ചികിത്സ

കോഴിക്കോട്: സംസാരശേഷി നഷ്ടപ്പെട്ട് ഒരു ഭാഗം തളർന്ന രോഗിക്ക് പുതുജീവൻ നൽകി കോഴിക്കോട് മെഡിക്കൽ കോളേജ്. മലപ്പുറം സ്വദേശിയായ 25 കാരനാണ് അപൂർവ ചികിത്സയിലൂട ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിന് കീഴിൽ ട്രാൻസ് വീനസ് റൂട്ട് എമ്പോളൈസേഷൻ എന്ന ചികിത്സയാണ് യുവാവിന് വേണ്ടി നടത്തിയത്. യുവാക്കളിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായ ബ്രെയിൻ എവിഎം (ആർട്ടീരിയോ വീനസ് മാൽഫോർമേഷൻ) രോഗത്തിനുള്ള പുതിയ ചികിത്സാ രീതിയാണിത്. ആദ്യമായാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഈ ചികിത്സ നടത്തുന്നത്.

രാജ്യത്ത് വളരെ കുറച്ച് ആശുപത്രികളിൽ മാത്രമേ ഈ രീതിയിൽ ചികിത്സ വിജയകരമായി നടത്തിയിട്ടുള്ളൂ. വിജയകരമായി നൂതന ചികിത്സ നടത്തിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ മുഴുവൻ ടീമിനേയും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ആരോഗ്യനില വീണ്ടെടുത്ത രോഗിയെ ഡിസ്ചാർജ് ചെയ്തു.

രക്താതിമർദം മൂലമോ പരുക്ക് മൂലമോ തലച്ചോറിൽ രക്തസ്രാവമുണ്ടാക്കുന്ന അവസ്ഥയാണ് ബ്രെയിൻ എവിഎം. രക്തക്കുഴലുകൾ ജന്മനാ കെട്ടുപിണഞ്ഞു കിടക്കുന്ന ഈ അവസ്ഥയ്ക്ക് തലയോട്ടി തുറന്നുള്ള സങ്കീർണ ശസ്ത്രക്രിയയാണ് ചികിത്സ. തലയൊട്ടി തുറക്കാതെ കാലിലെ രക്തക്കുഴൽ വഴി നടത്തുന്ന പിൻ ഹോൾ ചികിത്സയായ എമ്പോളൈസേഷൻ സാധാരണ രീതിയിൽ ട്രാൻസ് ആർടീരിയൽ റൂട്ട് വഴിയാണ് നടത്തുന്നത്. തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനികളിലൂടെ കത്തീറ്റർ കടത്തി വിട്ടതിന് ശേഷം അമിത രക്തസ്രാവം തടയുന്നു.

എന്നാൽ ട്രാൻസ് വീനസ് റൂട്ട് വഴി ചികിത്സിക്കുമ്പോൾ തലച്ചോറിൽ നിന്ന് തിരികെ രക്തം ഒഴുകി വരുന്ന സിരകളിലൂടെ (വെയിൻ) കത്തീറ്റർ കടത്തി വിട്ടാണ് ചികിത്സിക്കുന്നത്. ധമനികളിലൂടെ നടത്തുന്ന ചികിത്സയുടെ കൂടെ ട്രാൻസ് വീനസ് റൂട്ട് ചികിത്സ കൂടി കടന്നു വന്നതോടെ 95 ശതമാനം എവിഎം കേസുകളിലും തലയോട്ടി തുറക്കാതെയുള്ള എമ്പോളൈസേഷൻ ചികിത്സയിലൂടെ സുഖപ്പെടുത്താനാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News