ലണ്ടന്‍ : യുകെയില്‍ അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ലണ്ടന്‍ ഉള്‍പ്പെടുന്ന തെക്കു-പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലാണ് പുതിയ കൊറോണ വൈറസിനെ കൂടുതലായി കണ്ടെത്തിയത്. ഇതേ വൈറസിനെ തന്നെ നെതര്‍ലന്‍ഡ്‌സ്, ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ കോവിഡ്-19 രോഗികളിലും കണ്ടെത്തിയിട്ടുണ്ട്.
പുതിയ കൊറോണ വൈറസ് എത്രത്തോളം അപകടകാരിയാണെന്ന് വ്യക്തമല്ല. വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അയര്‍ലന്‍ഡ്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം എന്നീ രാജ്യങ്ങളെല്ലാം യുകെയില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തി വെച്ചു. ജനുവരി ഒന്നുവരെ യുകെയില്‍ നിന്നുള്ള എല്ലാ യാത്രാ വിമാനങ്ങളും നിരോധിച്ചതായി നെതര്‍ലന്‍ഡ്‌സ് അറിയിച്ചു.
ചരക്കു ലോറികള്‍ ഉള്‍പ്പെടെ യുകെയിലേക്കുള്ള എല്ലാ സര്‍വീസുകളും ഞായറാഴ്ച അര്‍ധരാത്രി മുതല്‍ 48 മണിക്കൂര്‍ നേരത്തേക്ക് ഫ്രാന്‍സ് നിര്‍ത്തി വെച്ചു. കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ തിങ്കളാഴ്ച രാവിലെ യൂറോപ്യന്‍ യൂണിയന്‍ യോഗം ചേരുന്നുണ്ട്. യുകെയിലെ സാഹചര്യം നിരീക്ഷിച്ചു വരുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
ഇറ്റലിയക്കം വീണ്ടും അടച്ചുപൂട്ടലിലേക്ക് പോയേക്കുമെന്ന സൂചനകൾ ലഭിക്കുന്നുണ്ട്. ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് പടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യ രാജ്യാതിർത്തികൾ അടച്ചു. കര, വ്യോമ, സമുദ്ര അതിർത്തികളാണ് സൗദി അടച്ചത്. എല്ലാ അന്താരാഷ്ട്ര വിമാന സർവ്വീസുകളും നിർത്തിവെച്ചിട്ടുണ്ട്. ഒരാഴ്ചത്തേക്കാണ് നിയന്ത്രണമേർപ്പെടുത്തിയത്. ഭീഷണി നേരിടാൻ ഇന്ത്യയിലും ഇന്ന് അടിയന്തിര യോഗം വിളിച്ച് ചേർത്തിട്ടുണ്ട്.