കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണവും വിചാരണ നടപടികളും പൂര്‍ത്തിയായത് റെക്കോഡ് വേഗത്തില്‍.
പെണ്‍കുട്ടി കൊല്ലപ്പെട്ട് 35-ാം ദിവസമാണ് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് വിചാരണ ഉടന്‍തുടങ്ങണമെന്ന അപേക്ഷയും കോടതിയില്‍ നല്‍കി. തുടര്‍ന്ന് ഒക്ടോബര്‍ നാലിന് കോടതിയില്‍ ആരംഭിച്ച വിചാരണ 26 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. കുറ്റകൃത്യം നടന്ന് 99-ാം ദിവസം കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഒടുവില്‍ അഞ്ചുവയസ്സുകാരിയുടെ ജീവന്‍ പൊലിഞ്ഞ് 110-ാം ദിവസം ശിക്ഷാവിധിയും. ഒരുകേസിൽ ഇത്രയും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നത് അപൂര്‍വമാണ്.
പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ തുടക്കത്തില്‍ പോലീസിനെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. പെണ്‍കുട്ടിയെ കാണാതായതില്‍ അന്വേഷണം വൈകിയെന്നും പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ കുട്ടിയെ രക്ഷിക്കാമെന്നുമായിരുന്നു ആക്ഷേപം. എന്നാല്‍, സംഭവദിവസം ഏറെ വൈകിയാണ് പരാതി ലഭിച്ചതെന്നും പരാതി കിട്ടിയ ഉടന്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം. പോലീസില്‍ പരാതി ലഭിച്ചതിന് മുന്‍പേ തന്നെ പ്രതി കൃത്യം നടത്തി കടന്നുകളഞ്ഞിരുന്നു.
ജൂലായ് 28-നാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ അഞ്ചുവയസ്സുകാരിയെ ബിഹാര്‍ സ്വദേശിയായ അസ്ഫാക് ആലം തട്ടിക്കൊണ്ടുപോയത്. പിന്നാലെ കുട്ടിയെ ആലുവ മാര്‍ക്കറ്റിന്റെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗംചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. 29-നാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചിച്ചുള്ള അന്വേഷണത്തില്‍ 28-ന് രാത്രിതന്നെ പ്രതിയെ പിടികൂടിയിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.
കേസില്‍ അതിവേഗത്തിലായിരുന്നു പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. സംഭവശേഷം പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് 30 ദിവസത്തിനകമാണ് എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ (അട്രോസിറ്റി എഗെന്‍സ്റ്റ് വിമെന്‍ ആന്‍ഡ് ചില്‍ഡ്രന്‍) കുറ്റപത്രം സമര്‍പ്പിച്ചു. സംഭവം നടന്ന് 35 ദിവസത്തിനകം കുറ്റപത്രം നല്‍കാന്‍ അന്വേഷണ സംഘത്തിനായി. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍ എന്നിവയ്ക്കു പുറമെ പോക്സോ മൂന്നുമുതല്‍ ആറുവരെയുള്ള വകുപ്പുകളും ചേര്‍ത്തു.
പെണ്‍കുട്ടിയുടെയും പ്രതിയുടെയും ചെരിപ്പ്, വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ 75 തൊണ്ടിവസ്തുക്കള്‍ തെളിവുകളായി സമര്‍പ്പിച്ചു. ശക്തമായ സാഹചര്യ തെളിവുകളുടെയും സൈബര്‍-ഫൊറന്‍സിക് തെളിവുകളുടെയും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെയും നൂറ് രേഖകളും 645 പേജുള്ള കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചു.
റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി. പി. പ്രസാദ്, ഇന്‍സ്പെക്ടര്‍ എം.എം. മഞ്ജുദാസ് എന്നിവരടങ്ങുന്ന ഇരുപതംഗ സംഘമാണ് കേസന്വേഷിച്ചത്. അഡ്വ. ജി. മോഹന്‍രാജാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.