കല്പറ്റ: വയനാട്ടിൽ പീഡനത്തിനിരയായ പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി. പ്ലസ് വൺ വിദ്യാർഥിനിയായ 16-കാരിയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് സംഭവം.
അടുത്തിടെയാണ് സ്‌കൂളിലെ കൗൺസിലിങ്ങിനിടെ പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് പോലീസ് കേസെടുത്തു. ലൈംഗികാതിക്രമം നടത്തിയതിന് പെൺകുട്ടിയുടെ ബന്ധുവും അയൽവാസിയും അറസ്റ്റിലുമായി. ഇതിനുപിന്നാലെയാണ് പെൺകുട്ടിയെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയത്.
വിദ്യാർഥിനിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞ് താമസിക്കുന്നവരാണ്. അച്ഛനും സഹോദരിക്കും ഒപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. സ്‌കൂളിലെ കൗൺസിലിങ്ങിനിടെയാണ് വർഷങ്ങൾക്ക് മുൻപ് ബന്ധുവിൽനിന്ന് ലൈംഗികാതിക്രമം നേരിട്ടത് കുട്ടി വെളിപ്പെടുത്തിയത്. അയൽവാസിയിൽനിന്ന് നേരിട്ട ദുരനുഭവവും പെൺകുട്ടി തുറന്നുപറഞ്ഞിരുന്നു. ഇതോടെ ബന്ധപ്പെട്ടവർ പോലീസിനെ വിവരമറിയിക്കുകയും കേസെടുക്കുകയുമായിരുന്നു.


