രാജ്യത്ത് രണ്ടുവര്‍ഷത്തിനിടെ ട്രെയിനുകളില്‍ നടന്നത് 29 ബലാത്സംഗങ്ങള്‍, ആക്രമിക്കപ്പെട്ടത് 1,672 സ്ത്രീകള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്
ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ട്രെയിനുകളില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. രണ്ടു വര്‍ഷത്തിനിടെ 29 ബലാത്സംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കാലയളവില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് 136 ബലാത്സംഗങ്ങളും സ്ത്രീകള്‍ക്കു നേരെ 1672 മറ്റ് അതിക്രമങ്ങളുമുണ്ടായി. ഇതില്‍ 802 എണ്ണം റെയില്‍വേ പരിസരത്തും ബാക്കിയുള്ളവ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിലുമാണ്.
2017ല്‍ 51 ബലാത്സംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 41 എണ്ണം റെയില്‍വേ പരിസരത്തും 10 എണ്ണം ഓടുന്ന ട്രെയിനുകളിലുമായിരുന്നു. 2018ല്‍ റിപ്പോര്‍ട്ടു ചെയ്ത 70 ബലാത്സംഗങ്ങളില്‍ പതിനൊന്നെണ്ണം ഓടുന്ന ട്രെയിനുകളിലായിരുന്നു. 2019ല്‍ റിപ്പോര്‍ട്ടു ചെയ്ത 44 കേസുകളില്‍ 36 എണ്ണം റെയില്‍വേ പരിസരത്തും എട്ടെണ്ണം ട്രെയിനുകളിലുമായാണ്. 771 തട്ടിക്കൊണ്ടു പോകല്‍, 4718 കവര്‍ച്ച, 213 കൊലപാതക ശ്രമങ്ങള്‍, 542 കൊലപാതകങ്ങള്‍ എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.