പീഡനക്കേസിലെ അതിജീവിതയായ 15-കാരിയെ ബസ് യാത്രയ്ക്കിടെ കാണാതായി; സംഭവം പരീക്ഷയെഴുതി മടങ്ങുമ്പോൾ

തൊടുപുഴ: പീഡനക്കേസിലെ അതിജീവിതയായ 15-കാരിയെ പരീക്ഷകഴിഞ്ഞ് മടങ്ങുന്നതിനിടെ കാണാതായി. അടിമാലി സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ബസ് യാത്രയ്ക്കിടെ കാണാതായത്. കഴിഞ്ഞദിവസം വൈകീട്ട് പൈനാവിനും തൊടുപുഴയ്ക്കും ഇടയില്‍വെച്ചായിരുന്നു സംഭവം.

തൊടുപുഴയിലെ സംരക്ഷണകേന്ദ്രത്തിലാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. ഇവിടെനിന്ന് പരീക്ഷ എഴുതാനാണ് കഴിഞ്ഞദിവസം പൈനാവിലെ സ്‌കൂളിലേക്ക് കൊണ്ടുപോയത്. സംരക്ഷണകേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരിയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍, പരീക്ഷ കഴിഞ്ഞ് പൈനാവില്‍നിന്ന് ബസില്‍ തൊടുപുഴയിലേക്ക് മടങ്ങുന്നതിടെ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. ഇതോടെ സംരക്ഷണകേന്ദ്രത്തിലെ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു.

പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ തൊടുപുഴ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസ് യാത്രയ്ക്കിടെ തൊടുപുഴയ്ക്ക് മുമ്പുള്ള മോര്‍ ജങ്ഷനില്‍ പെണ്‍കുട്ടി ഇറങ്ങിയതായാണ് പോലീസിന്റെ സംശയം. പെണ്‍കുട്ടിയെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News