ഇരുപതിലധികം യുവതികളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ഒടുവില്‍ 21കാരി വിരിച്ച വലയില്‍ കുടുങ്ങി

നെടുങ്കണ്ടം: ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്ന യുവാവ് അറസ്റ്റില്‍. ഇടുക്കി തൂക്കുപാലം ബ്ലോക്ക് നമ്പര്‍ 401 കല്ലുപറമ്പില്‍ ആരോമല്‍ (22) ആണ് നെടുങ്കണ്ടം പോലീസ് പിടികൂടിയത്. ഇയാളുടെ പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ തന്നെയാണ് പരാതി നല്‍കിയത്.

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും റിക്വസ്റ്റ് അയച്ച് സൗഹൃദം നടിച്ച് പിന്നീട് പ്രണയാഭ്യര്‍ത്ഥന നടത്തുകയാണ് ഇയാളുടെ രീതി. പിന്നീട് രാത്രി ചാറ്റില്‍ നഗ്‌ന ചിത്രങ്ങള്‍ ചോദിക്കുകയും, വിവാഹം കഴിക്കാന്‍ പോകുന്നയാള്‍ ശരീരം കണ്ടാല്‍ കുഴപ്പമില്ലെന്ന തരത്തില്‍ ഇയാള്‍ വിശ്വസിപ്പിക്കുകയും ചെയ്യും.

നഗ്‌ന വീഡിയോയും ചിത്രവും കൈയ്യിലെത്തിയാല്‍ പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ പെണ്‍കുട്ടികളെ താന്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് വിളിച്ച് വരുത്തുമായിരുന്നു. വിവാഹ സ്വപ്നം മുന്നില്‍ കണ്ട് സമ്മതപ്രകാരവും, ഭീഷണിക്കിരയായും പെണ്‍കുട്ടികള്‍ വഴങ്ങി കൊടുക്കുകയായിരുന്നു പതിവെന്ന് റിപ്പോര്‍ട്ട്.

20 ലധികം പെണ്‍കുട്ടികളെ ആണ് ഇയാള്‍ ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുള്ളത്. തന്റെ കൈവശമുള്ള ദൃശ്യങ്ങളും ഫോട്ടോയും ഇയാള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ടാകാമെന്ന നിഗമനത്താല്‍ ഇയാളുടെ ചില സുഹൃത്തുക്കളും പൊലിസ് നിരീക്ഷണത്തിലാണ്. ഇയാള്‍ പീഢിപ്പിച്ച മറ്റ് പെണ്‍കുട്ടികള്‍ പരാതി നല്കുവാന്‍ മടിക്കുകയാണ്. പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ആരോമലിന്റെ ഫോണില്‍ നിന്നും കമ്പ്യൂട്ടറില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News