പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസ്; യുവാവിന് 47 വര്‍ഷം കഠിന തടവും രണ്ടരലക്ഷം രൂപ പിഴയും

കാസര്‍കോട്: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ യുവാവിനെ 47 വര്‍ഷത്തെ കഠിനതടവിനും രണ്ടരലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ 10 മാസം അധിക കഠിനതടവും അനുഭവിക്കണം. ബോവിക്കാനം മുതലപ്പാറയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ചെങ്കള കെ.കെ. കുന്നില്‍ തൈവളപ്പിലെ അബ്ദുള്‍ നൗഷാദിനെയാണ് (40) കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി (പോക്സോ) ജഡ്ജി രാമു രമേശ് ചന്ദ്രഭാനു ശിക്ഷിച്ചത്.

2019 ഒക്ടോബറിലാണ് കേസിനാസ്പദമായ പീഡനങ്ങള്‍ നടന്നത്. പ്രതി മറ്റൊരു കേസില്‍ കോടതി കുറ്റവാളിയെന്നു കണ്ടെത്തി ശിക്ഷ അനുഭവിച്ച് വരികയാണ്. സ്‌കൂള്‍ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന നൗഷാദ് സ്‌കൂളിലെ വിദ്യാര്‍ഥിനികളെ പ്രലോഭിപ്പിച്ച് മുതലപ്പാറയിലെ ക്വാര്‍ട്ടേഴ്‌സിലെത്തിച്ചാണ് പീഡിപ്പിച്ചത്. ഭാര്യയും കുട്ടികളും സ്വന്തം വീട്ടില്‍ പോയ സമയങ്ങളിലായിരുന്നു ഇത്.

സ്‌കൂളില്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് വിദ്യര്‍ഥിനികള്‍ പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് വിവരം പോലീസിന് കൈമാറിയത്. ആദൂര്‍ ഇന്‍സ്പെക്ടറായിരുന്ന കെ. പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്സോ) എ.കെ. പ്രിയ ഹാജരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News