ആലപ്പുഴ: ബിജെപി നേതാവ് രൺജീത് ശ്രീനിവാസന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. വെള്ളക്കിണർ സ്വദേശി സിനുവിനെയാണ് അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ ആലപ്പുഴ ഏരിയ സെക്രട്ടറിയാണ് സിനു. പ്രതി ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിലെ ബിജെപി പ്രവർത്തകൻ രൺജീത്തിന്റെ കൊലപാതകത്തിലെ അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകങ്ങളിൽ സംസ്ഥാനത്തിന് പുറത്ത് നിന്നും എസ് ഡിപിഐക്ക് സഹായം ലഭിക്കുന്നുവെന്ന എഡിജിപിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം.
കേരളാ പൊലീസിന് കുറ്റം തെളിയിക്കാൻ കഴിയില്ലെന്ന കുറ്റസമ്മതമാണ് എഡിജിപി വിജയ് സാഖറെയുടേതെന്നും അതിനാൽ കേസ് എൻ ഐഎയ്ക്ക് വിടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ‘രൺജീത്ത് കേസിൽ പൊലീസ് പുറത്ത് പറയുന്നത് പച്ചകള്ളമാണ്. പ്രധാന പ്രതികളിൽ ഒരാൾ പോലും പിടിയിലായിട്ടില്ല. കൊലയ്ക്ക് തൊട്ട് പ്രതികളുടെ ദൃശ്യങ്ങൾ മാധ്യമങ്ങൾ നൽകി എന്നിട്ടും പൊലീസിന് ആരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല’
പ്രതികൾ സംസ്ഥാനം വിട്ടത് ഗൗരവമുള്ള കാര്യമാണ്’. ആഭ്യന്തര വകുപ്പിന്റെ പരാജയവും കേരള പൊലീസിന്റെ കുറ്റസമ്മതവുമാണ് എഡിജിപിയുടെ വാക്കുകൾ. ഇത് ഗൌരവതരമാണ്. ഗൂഢാലോചന, തീവ്രവാദ ബന്ധം എന്നിവ തെളിയിക്കാൻ പൊലീസിന് ആകില്ലെന്ന് അവർ തന്നെ തുറന്ന് പറഞ്ഞിട്ടും കേസ് എന്തുകൊണ്ട് എൻഐഎക്ക് അഭ്യന്തര വകുപ്പ് വിടുന്നില്ലെന്നും സുരേന്ദ്രൻ ചോദിച്ചു. ‘ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധം ഉണ്ട്’. പൊലീസിന്റെ രഹസ്യ വിവരങ്ങൾ ചോരുന്നതായും സുരേന്ദ്രൻ ആരോപിച്ചു.
പാലക്കാടും ആലപ്പുഴയിലും എസ്.ഡി.പി.ഐ നടത്തിയ കൊലപാതകങ്ങൾക്ക് പിന്നിൽ സംസ്ഥാനന്തര ഗൂഡാലോചനയുണ്ടെന്നായിരുന്നു ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയുടെ വെളിപ്പെടുത്തൽ. കൊല നടത്തിയ ശേഷം പ്രതികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്ന് വിദഗ്ധമായി ഒളിവിൽ കഴിയുകയാണ് രീതിയെന്നും സാക്കറേ പറഞ്ഞു. ഇനിയും രാഷ്ട്രീപകയും കൊലപാതകങ്ങളും തുടരാതിരിക്കാനുള്ള ജാഗ്രത തുടരുന്നുണ്ട്. ആസൂത്രിതമായ കൊലപാതികളുടെ നീക്കങ്ങള്‍ പൊലീസ് തിരിച്ചറിഞ്ഞുവെങ്കിൽ തടയാമായിരുന്നു. പക്ഷെ പൊലീസിന് പോലും ഒരു സൂചനയും ലഭിച്ചില്ലെന്നാണ് എഡിജിപിയുടെ വിശദീകരണം.