‘ദുൽഖർ ഇനിമുതൽ നടിപ്പ് ചക്രവർത്തി ‘ വാനോളം പ്രശംസിച്ച്‌ റാണ ദഗ്ഗുബട്ടി

ഹൈദരാബാദ്‌: കാന്ത എന്ന എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ ദുൽഖർ സൽമാനെ വാനോളം പുകഴ്ത്തി നിർമാതാവുകൂടിയായ നടൻ റാണ ദഗ്ഗുബട്ടി. മികച്ച പ്രകടനമാണ് ദുൽഖർ സൽമാൻ കാഴ്ചവെച്ചിരിക്കുന്നതെന്നും താൻ അദ്ദേഹത്തിന്റെ ആരാധകനായി മാറിയെന്നും റാണ പറഞ്ഞു. ചിത്രം ഇറങ്ങുന്നതോടെ തമിഴ്നാട് മുഴുവൻ ദുൽഖറിനെ നടിപ്പ് ചക്രവർത്തി എന്ന് വിശേഷിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ മറ്റുപ്രധാനവേഷങ്ങളിലെത്തുന്ന സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവരേയും റാണ പേരെടുത്ത് അഭിനന്ദിച്ചു.

‘ടി നഗറിൽനിന്ന് ഫിലിം നഗറിലേക്ക് മാറിത്താമസിച്ച കുറച്ച് തെലുങ്ക് കുടുംബങ്ങളിൽ ഒരെണ്ണത്തിൽനിന്നാണ് ഞാൻ വരുന്നത്. വിജയവാഹിനി സ്റ്റുഡിയേക്കുറിച്ചും അവിടെ നടന്ന സംഭവങ്ങളെക്കുറിച്ചുമെല്ലാം ചെറുപ്പത്തിൽത്തന്നെ കേൾക്കാനിടയായിരുന്നു. അതെല്ലാം അതിശയത്തോടെയാണ് കേട്ടിരുന്നത്. അങ്ങനെയൊരു അന്തരീക്ഷത്തിലാണ് കാന്ത എന്ന ചിത്രം സംവിധായകൻ സെൽവ ഒരുക്കിയിരിക്കുന്നത്. നായികയായ ഭാഗ്യശ്രീയെ ഓഡിഷനിലൂടെയാണ് കണ്ടെത്തിയത്. പക്ഷേ തെലുങ്കിൽ അതിനകം തന്നെ അവർ നായികയായി അഭിനയിച്ചിരുന്നു. അതുകൊണ്ട് ഭാഗ്യശ്രീയെ തമിഴ് സിനിമയിലേക്ക് സ്വാഗതം ചെയ്യുകയാണ്.’ റാണ ആമുഖമായി പറഞ്ഞു.

സിനിമയിൽ സംവിധായകന്റെ വേഷം ചെയ്തത് സമുദ്രക്കനിയാണ്. കാന്തയുടെ സെറ്റിൽ സംവിധായകൻ സെൽവയുടെ അസിസ്റ്റന്റ് ഡയറക്ടർ എന്ന പോലെ സമുദ്രക്കനി പ്രവർത്തിച്ചെന്ന് റാണ പ്രശംസിച്ചു. ദുൽഖർ സൽമാനെ നടിപ്പ് ചക്രവർത്തി എന്നാണ് പ്രസംഗത്തിൽ റാണ വിശേഷിപ്പിച്ചത്.

നവംബർ 14-ന് കാന്ത റിലീസാവുന്നതോടെ തമിഴ്നാട് മൊത്തം ദുൽഖറിനെ നടിപ്പ് ചക്രവർത്തി എന്ന് വിളിക്കുമെന്ന് സെൽവ പറഞ്ഞിട്ടുണ്ട്. എനിക്കും അക്കാര്യത്തിൽ ഉറപ്പുണ്ട്. ഇന്ത്യയിൽ ആരെങ്കിലും ഒരു പീരിയോഡിക് കഥ എഴുതുകയാണെങ്കിൽ ആദ്യം മനസിൽ വിചാരിക്കുക ദുൽഖറിനെയായിരിക്കുമെന്ന് തോന്നുന്നു. അതിനുശേഷം മാത്രമാവും മറ്റൊരാളെ വിചാരിക്കുക. എന്റെ സുഹൃത്തും സിനിമയെ ആഴത്തിൽ സ്നേഹിക്കുന്ന ഒരാളുമാണ് ദുൽഖർ. പക്ഷേ ഈ സിനിമ കണ്ടശേഷം ഞാൻ അദ്ദേഹത്തിന്റെ ആരാധകൻകൂടിയായി. റാണ കൂട്ടിച്ചേർത്തു.

ടി.കെ. മഹാദേവന്‍ എന്ന നടനായാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ വേഷമിടുന്നത്.1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ‘കാന്ത’ കഥ പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗ്ഗുബട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റുനിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴില്‍ ഒരുക്കിയ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്‌കറി’ന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രം കൂടിയാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News