ഹൈദരാബാദ്:സിനിമയിൽ വന്ന കാലത്തേത് പോലെ തന്നെ കഴിവും സൗന്ദര്യവും സ്ക്രീൻ പ്രസൻസും ഇന്നുമുള്ള നടിയാണ് രമ്യ കൃഷ്ണൻ. നടിയുടെ ശബ്ദവും സംസാരരീതിയും എപ്പോഴും ഒരു വേറിട്ട ഭംഗിയുള്ളതാണ്. കഥാപാത്രങ്ങൾക്ക് തന്റേതായ ഒരു സിഗ്നേച്ചർ കൂൾ ആറ്റിറ്റൂട് കൊടുത്ത് അഭിനയിക്കാൻ കഴിവ് ഉള്ള നടി കൂടിയാണ് രമ്യ കൃഷ്ണൻ. ഇൻഡസ്ട്രിയിലെ മറ്റാരുടെയും ശൈലി അല്ല സ്വന്തമായി ഉണ്ടാക്കിയെടുത്ത അഭിനയശൈലിയാണ് രമ്യയുടേത്.
പടയപ്പയിൽ രജിനികാന്തിന് ഒപ്പത്തിനൊപ്പം സ്റ്റൈലിലും എനർജിയിലും ആറ്റിറ്റ്യൂഡിലും പഞ്ച് ഡയലോഗിലുമൊക്കെ പിടിച്ച് നിന്നു രമ്യ കൃഷ്ണൻ. അതുകൊണ്ട് തന്നെയാണ് പടയപ്പയ്ക്കൊപ്പം തന്നെ നീലാംബരിക്കും ആരാധകരുണ്ടായത്. ഇന്നും മികച്ച വില്ലന്മാരുടെ ലിസ്റ്റിൽ മുൻപന്തിയിലുണ്ട് നീലാംബരി.
കമലാഹാസനോട് ഒപ്പം പഞ്ചതന്ത്രത്തിൽ അഭിനയിച്ച മാഗി എന്ന കഥാപാത്രവും കോമഡി നന്നായി കൈകാര്യം ചെയ്ത റോളായിരുന്നു. വിവിധ ഭാഷകളിലുമായി അനേകം ചിത്രങ്ങളിൽ നായികയായ രമ്യ മലയാളത്തിൽ അഭിനയിച്ച ശ്രദ്ധേയമായ സിനിമകളാണ് അഹം, ആര്യൻ, ഒരേ കടൽ, അനുരാഗി, മഹാത്മാ തുടങ്ങിയവ. തിരക്കുള്ള നായികയായിരുന്ന സമയങ്ങളിൽ പോലും ചില ചിത്രങ്ങളിൽ ഗാനരംഗങ്ങളിൽ നർത്തകിയായും പെർഫോം ചെയ്തിരുന്നു രമ്യ കൃഷ്ണൻ.
ചുമ്മാ വന്ന് എന്തോ ചെയ്ത് പോവുക എന്നതല്ല വളരെ എലഗന്റായി തന്നെ പെർഫോം ചെയ്ത് പാട്ടുകൾ ഹിറ്റാക്കുന്നതിന്റെ ഭാഗമായിരുന്നു രമ്യ. അതിന് ഉദാഹരണങ്ങളാണ് ദൂത് വരുമാ എന്ന കാക്ക കാക്കയിലെ പാട്ടും അയ്യോ പത്തിക്കിച്ച് എന്ന റിഥത്തിലെ പാട്ടും മേഘരാഗം നെറുകിൽ എന്ന കാക്കകുയിലിലെ പാട്ടുമൊക്കെ.
അമ്പത്തിമൂന്നാം വയസിലും ബാഹുബലി പോലെയുള്ള പോപ്പുലർ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്തയായി നിൽക്കുമ്പോഴും സൂപ്പർ ഡീലക്സ് പോലെ നിരൂപക പ്രശംസ നേടിയ ചിത്രത്തിലെ ലീലയും ജയലളിതയുടെ ബയോപിക്കിലേത് പോലെയുള്ള കഥാപാത്രങ്ങളും രമ്യ തെരഞ്ഞെടുക്കുന്നത് പ്രശംസനീയമാണ്.
അന്നും ഇന്നും ഒരുപോലെ സിനിമാപ്രേമികൾക്ക് ഇഷ്ടം തോന്നിയിട്ടുള്ള കുറച്ച് താരങ്ങളിൽ ഒരാൾ കൂടിയാണ് രമ്യ കൃഷ്ണൻ. ചെറുപ്പം മുതൽ ഭരതനാട്യം, കുച്ചിപ്പുടി എന്നിവ പഠിച്ച രമ്യ പതിമൂന്നാം വയസിൽ വെള്ളെ മനസ് എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് തന്റെ ചലച്ചിത്ര ജീവിതത്തിന് തുടക്കമിട്ടത്. 200ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള രമ്യ ആദ്യകാലങ്ങളില്‍ ഗ്ലാമര്‍ വേഷങ്ങളിലായിരുന്നു കൂടുതലായി അഭിനയിച്ചിരുന്നത്.
തുടർന്ന് നായികയായ രമ്യ ശക്തമായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. ഇപ്പോൾ താരം കൂടുതലും അമ്മ വേഷങ്ങളാണ് ചെയ്യുന്നത്. 2003 ജൂണ്‍ 12ന് തെലുങ്ക് സംവിധായകനായ കൃഷ്ണ വംശിയെ വിവാഹം ചെയ്ത രമ്യയ്ക്ക് ഒരു മകനുണ്ട്. അതേസമയം രമ്യ കുറച്ച് നാളുകളായി ഭർത്താവുമായി വേർപിരിഞ്ഞാണ് താമസമെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കൃഷ്ണ വംശി നിലവിൽ ഹൈദരാബാദിലാണ് താമസം. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ചെന്നൈയിലാണത്രെ രമ്യാ കൃഷ്ണൻ താമസിക്കുന്നത്. സിനിമയ്ക്കും നല്ല കഥാപാത്രങ്ങൾക്കുമാണ് രമ്യ ഇപ്പോൾ പ്രാധാന്യം നൽകുന്നതത്രെ. ഭർത്താവുമായി വേർപിരിഞ്ഞ് തനിച്ച് താമസിക്കുകയാണ് നടിയെന്ന് റിപ്പോർട്ടുകൾ വന്നതോടെ ഇരുവരും വിവാഹമോചിതരാകുമോയെന്ന ടെൻഷനാണ് ആരാധകർക്ക്.
ഭർത്താവ് പ്രശസ്തനായ സംവിധായകനാണെങ്കിലും രമ്യ അദ്ദേഹത്തിന്റെ ഒരു സിനിമയിൽ മാത്രമെ അഭിനയിച്ചിട്ടുള്ളു. രമ്യയെ തന്റെ സിനിമകളില്‍ അഭിനയിപ്പിക്കുന്നതിനോട് യോജിപ്പില്ലാത്തയാളാണ് കൃഷ്ണ വംശി. ‘രമ്യയുടെ ഏറ്റവും മികച്ച സിനിമ ബാഹുബലിയൊന്നുമല്ല.’
‘അമ്മൊരു, നരസിംഹ എന്നീ ചിത്രങ്ങള്‍ കണ്ടാല്‍ മതി. എന്നാൽ രമ്യയെ ഞാന്‍ എന്റെ സിനിമകളില്‍ അഭിനയിപ്പിക്കില്ല. എനിക്കവളെ ഒരു നടിയായി കാണാന്‍ പറ്റില്ല. എന്റെ ഒരു സിനിമയിലാണ് അവള്‍ ആകെ അഭിനയിച്ചത്. പക്ഷെ അത് വിവാഹത്തിന് മുമ്പായിരുന്നു’, എന്നാണ് മുമ്പൊരിക്കൽ കൃഷ്ണ വംശി പറഞ്ഞത്.