ആസിഫ് അലിയെ അപമാനിച്ചോ?; തെറ്റെങ്കിൽ മാപ്പ് ചോദിക്കുമെന്ന് രമേശ് നാരായണൻ

പുരസ്‌കാരം നല്‍കാന്‍വന്ന നടന്‍ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകന്‍ രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം ഉയരുകയാണ്. എം ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.

പരിപാടിയില്‍ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാല്‍ ആസിഫ് അലിയില്‍നിന്ന് രമേശ് നാരായണന്‍ പുരസ്‌കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം. പകരം സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയില്‍നിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറി. തുടര്‍ന്ന് ജയരാജ് രമേഷ് നാരായണന് പുരസ്‌കാരം നല്‍കുകയായിരുന്നു. സംഭവം വലിയ വിവാദമായതോടെ ആസിഫിന് അപമാനിച്ചിട്ടില്ലെന്നാണ് രമേഷ് നാരായണന്റെ വിശദീകരണം.

‘ആസിഫ് അലിയെ ഞാന്‍ അപമാനിച്ചിട്ടില്ല. നിങ്ങള്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നു. ആസിഫ് മൊമന്റോ തരാനാണ് ഓടിവന്നത് എനിക്കറിയില്ല. എനിക്ക് വലിപ്പച്ചെറുപ്പമില്ല. ഞാന്‍ വേദിയിലായിരുന്നില്ല നിന്നത്. വേദിയിലാണെങ്കില്‍ എനിക്ക് ഒരാള്‍ വരുന്നത് മനസ്സിലാകുമായിരുന്നു. ഞാന്‍ നിന്നത് താഴെയായിരുന്നു. അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ല.

ഞാന്‍ ഇപ്പോഴും ചെറിയ ആളാണ്. ഞാന്‍ ഒന്നുമല്ല. എന്റെ പേരില്‍ തെറ്റിദ്ധാരണ വന്നതില്‍ മാപ്പ്. ആസിഫ് എന്റെ പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളാണ്. ഞാന്‍ ആസിഫിനെ വിളിക്കാനിരിക്കുകയാണ്. തെറ്റുപ്പറ്റിയെങ്കില്‍ മാപ്പ് ചോദിക്കും. എനിക്ക് മാപ്പ് ചോദിക്കാന്‍ യാതൊരു മടിയുമില്ല. വസ്തുത ഇതായിരിക്കെ കാര്യങ്ങള്‍ മനസിലാക്കാതെയുള്ള സൈബര്‍ ആക്രമണത്തില്‍ വിഷമമുണ്ട്. ഒരു മനുഷ്യനെ അപമാനിക്കാന്‍ എനിക്ക് പറ്റില്ല’- രമേഷ് നാരായണന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News