തിരുവനന്തപുരം: ജി സുധാകരനില്‍ ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരനെ കാണാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തോട് പാര്‍ട്ടി ചെയ്തത് കടുത്ത അനീതിയാണ്. രാഷ്ട്രീയ ശത്രുക്കളോട് പോലും ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ആലപ്പുഴയിലെ പാര്‍ട്ടി നേതൃത്വം ജി സുധാകരനോട് ചെയ്തതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
‘വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ തനിക്കറിയാവുന്ന വ്യക്തിയാണ് ജി സുധാകരന്‍. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവിച്ചയാളാണ്. ജനാധിപത്യ മര്യാദ എപ്പോഴും പുലര്‍ത്തിയിരുന്നു. അഴിമതിക്കെതിരെ ഏറ്റവും കൂടുതല്‍ പോരാടിയ പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ജനങ്ങള്‍ക്ക് സ്വീകാര്യനായി. അദ്ദേഹത്തെ വളരെ മോശമായും പിതാവിനെപ്പോലും മോശമായി ചിത്രീകരിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ല.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാര്‍ട്ടി സഖാക്കള്‍ അദ്ദേഹത്തെ വേട്ടയാടുകയായിരുന്നു. പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം നടത്തിയ വികസനപദ്ധതികളാണ് മുഖ്യമന്ത്രിയിപ്പോള്‍ ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തെ പരിപാടിയില്‍ ക്ഷണിച്ചില്ല. സുധാകരന്‍ വിഷയത്തില്‍ എന്തുവേണമെന്നത് പാര്‍ട്ടിയും യുഡിഎഫും ആലോചിച്ച് തീരുമാനിക്കേണ്ടതാണ്. അത് കൂട്ടായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അദ്ദേഹം നിയമസഭയില്‍ വേണമെന്നതാണ് വ്യക്തിപരമായ തീരുമാനം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണുണ്ടായിരിക്കുന്നത്’- രമേശ് ചെന്നിത്തല പറഞ്ഞു.
സിപിഎമ്മിനെ വെട്ടിലാക്കുന്ന കാര്യങ്ങളാണ് ജി സുധാകരന്‍ പറഞ്ഞതെന്നും അദ്ദേഹത്തിന്റെ നീക്കങ്ങള്‍ ഗൗരവത്തോടെ വീക്ഷിക്കുന്നുവെന്നും കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫും പറഞ്ഞു. ഇക്കാര്യത്തില്‍ യുഡിഎഫ് ഉചിതമായ തീരുമാനം ആലോചിച്ച് കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗൗരവത്തോടെ വിഷയം കാണും. പിന്തുണ നല്‍കുന്നതില്‍ ചര്‍ച്ച പിന്നീട് നടക്കും. തന്ത്രപരമായ നീക്കമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുള്ളത്. താന്‍ സുധാകരനുമായി ബന്ധപ്പെട്ടിട്ടിലെന്നും അദ്ദേഹം വ്യക്തമാക്കി.
സുധാകരന് പിന്തുണ നല്‍കണമോ വേണ്ടയോ എന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു. സുധാകരന്‍ നല്ല മനുഷ്യനാണ് പല അഭിപ്രായങ്ങളും വെട്ടി തുറന്ന് പറയാറുണ്ട്. ന്യായമായ കാര്യത്തിന് പാര്‍ട്ടി നോക്കാതെ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ജി സുധാകരനെ പിന്തുണക്കാമെന്ന് യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് സുധാകരനുമായി ഇന്നലെ രാത്രി ഫോണില്‍ സംസാരിച്ചുവന്നാണ് പുറത്തുവരുന്ന വിവരം. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ മത്സരിക്കുമെന്ന് ജി. സുധാകരന്‍ വ്യക്തമാക്കിയിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിക്കുക. മത്സരം പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് എതിരല്ല. ആരുടേയും പിന്തുണ തേടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്കുള്ളിലെ അവഗണനയും ചില ഭാരവാഹികളുടെ പെരുമാറ്റവുമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. ആരുടെയും പിന്തുണ തേടി പോയിട്ടില്ലെന്നും എന്നാല്‍, പുറത്തുനിന്നുള്ള പിന്തുണ സ്വീകരിക്കുന്ന കാര്യത്തില്‍ അപ്പപ്പോഴത്തെ സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിപുലമായ കണ്‍വെന്‍ഷനുകളോ ചുവരെഴുത്തുകളോ നടത്തില്ല. തന്റെ രാഷ്ട്രീയ നിലപാടുകള്‍ ജനങ്ങള്‍ക്കറിയാം. രാഷ്ട്രീയ രംഗത്തെ ക്രിമിനല്‍വത്കരണത്തിനെതിരെയുള്ള പോരാട്ടം തന്റെ തിരഞ്ഞെടുപ്പ് വിഷയമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അമ്പലപ്പുഴ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എളമരം കരീം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൂര്‍ണമായും കള്ള റിപ്പോര്‍ട്ടായിരുന്നുവെന്ന ഗുരുതരമായ ആരോപണവും സുധാകരന്‍ ഉന്നയിച്ചു. തന്നെ പാര്‍ട്ടിക്കകത്തുനിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് 22 ആരോപണങ്ങളുള്ള ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തിരഞ്ഞെടുപ്പ് സ്ഥിതിഗതികളെക്കുറിച്ച് താന്‍ നല്‍കിയ 25 പേജുള്ള വിശദീകരണത്തിലെ ഒരു വരിപോലും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല. അമ്പലപ്പുഴയില്‍ തനിക്ക് ലഭിച്ച 23,000 വോട്ടിന്റെ ഭൂരിപക്ഷം വലിയ നേട്ടമാണെന്നും, മുന്‍പ് വി.എസ്. അച്യുതാനന്ദന് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണിതെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായോ പ്രതിപക്ഷ മുന്നണിയായ യു.ഡി.എഫുമായോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടത്തിയിരുന്നില്ല. പാര്‍ട്ടി നേതാക്കളാരും തന്നെ അനുനയിപ്പിക്കാനോ പ്രത്യേക ദൗത്യവുമായെത്താ സമീപിച്ചിട്ടുമില്ല, സുധാകരന്‍ വ്യക്തമാക്കി.
Congress leader Ramesh Chennithala has come out in support of senior CPI(M) leader G. Sudhakaran, describing him as a “true Communist” who has faced severe injustice within his own party. Chennithala alleged that the CPI(M) leadership in Alappuzha treated Sudhakaran with a level of hostility that shouldn’t even be shown to a political enemy


