തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി ചര്‍ച്ച നടത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ”വിളിച്ചതിൽ സന്തോഷമുണ്ട്. അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞു. അദ്ദേഹം കേട്ടു. പരിഹാരമുണ്ടാകുമോ എന്ന് നോക്കാം.
എന്തായാലും ഈ വിഷയങ്ങൾ ഹൈക്കമാന്റിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. അതിന്റെ കാര്യങ്ങൾ എന്താണെന്ന് നോക്കാം. അത്രയേ എനിക്ക് ഇപ്പോൾ പറയാനുളളൂ.” കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാന കോൺഗ്രസിലെ പോര് ഒഴിവാക്കാനുള്ള ചർച്ചയുമായി മുന്നോട്ട് നീങ്ങുകയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയുമായി കെപിസിസി ഓഫീസിൽ ചർച്ച നടത്തി.
ഗ്രൂപ്പ് പോര് ഒഴിവാക്കാനാണ് കെപിസിസി പ്രസിഡന്റിന്റെ ശ്രമം. പാർട്ടിക്കകത്തുള്ളത് ചെറിയ ചെറിയ കാറ്റാണെന്നും പ്രശ്നം പരിഹരിക്കുമെന്നും നേരത്തേ അദ്ദേഹം വ്യക്തമാക്കിയിരുന്നു. പരാതിക്കാരെ നേരിൽ കാണുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയത്.
രമേശ് ചെന്നിത്തല, എംഎം ഹസ്സൻ, ബെന്നി ബെഹനാൻ, ജോസഫ് വാഴക്കൻ, എംകെ രാഘവൻ അടക്കമുള്ള മുതിർന്ന നേതാക്കളാണ് മസ്ക്കറ്റ് ഹോട്ടലിൽ യോഗം ചേർന്നത്. അടുത്തയാഴ്ച നേതാക്കൾ ഒരുമിച്ച് ദില്ലിയിലെത്തി കോൺഗ്രസ് അധ്യക്ഷന് പരാതി നൽകും.
ഇനി വിട്ടുവീഴ്ചക്കില്ലെന്ന് പ്രഖ്യാപിച്ചാണ് ഭിന്നതകളെല്ലാം മറന്ന് എ-ഐ ഗ്രൂപ്പുകൾ പാർട്ടിയിൽ കൈകോർത്തത്. പഴയ ഗ്രൂപ്പ് പോരിന്റെ കാലമോർമ്മിപ്പിച്ചാണ് രണ്ടും കൽപ്പിച്ചുള്ള മുതിർന്ന നേതാക്കളുടെ യോഗം.
കെസുധാകരനും വിഡി സതീശനുമെതിരെയായിരുന്നു ഇതുവരെയുള്ള പരാതിയെങ്കിൽ, പൊതുശത്രു സതീശൻ മാത്രമെന്നതാണ് ഇപ്പോഴത്തെ നില.