മുഖ്യമന്ത്രിയെ ഹെെക്കമാൻഡ് തീരുമാനിക്കും, 2011-ൽ സീനിയറായ ഉമ്മൻചാണ്ടിയെ നിർദേശിച്ചത് ഞാൻ; തലയെണ്ണമെടുത്താല്‍ തന്നെ പിന്തുണക്കുന്നവരുമുണ്ടാകുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയത് തിരയടിക്കുന്നതുപോലുള്ള വിജയമെന്ന് രമേശ് ചെന്നിത്തല. ജനങ്ങൾ നിശ്ചയിച്ചുറപ്പിച്ച് നൽകിയ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. പത്തുവർഷത്തെ ഭരണത്തിനെതിരായ ശക്തമായ വികാരമുണ്ടായി. വിജയത്തിന്റെ ശിൽപി യുഡിഎഫിന്റെ കൂട്ടായ നേതൃത്വമാണ്, ടീം യുഡിഎഫ് ആണെന്നും ചെന്നിത്തല പറഞ്ഞു.

ആരാകും മുഖ്യമന്ത്രി എന്ന ചോദ്യത്തിന് കോൺഗ്രസുകാരൻ കേരളത്തിൽ മുഖ്യമന്ത്രിയാകുമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. അക്കാര്യം കോൺഗ്രസ് ഹൈക്കമാൻഡാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘2011-ലെ തിരഞ്ഞെടുപ്പിൽ ഞാനും ഉമ്മൻചാണ്ടിയും മത്സരിച്ചു. പാർലമെന്ററി പാർട്ടിയോഗം വിളിച്ചുചേർത്തപ്പോൾ ഞാൻതന്നെ സ്വയം പ്രഖ്യാപിച്ചു- ഞാൻ മത്സരരംഗത്തില്ല, ഉമ്മൻചാണ്ടി എന്റെ സീനിയർ ആണ്. അതുകൊണ്ട് അദ്ദേഹം ആകട്ടേ മുഖ്യമന്ത്രി എന്ന്. ഞാനൊരു മത്സരത്തിന് പോലും പോയില്ല. ഞാൻ അദ്ദേഹത്തിന്റെ പേര് നിർദേശിക്കുകയായിരുന്നു. ഉമ്മൻചാണ്ടി സീനിയർ ആയതുകൊണ്ട് അദ്ദേഹം ആകട്ടേ എന്നുവെച്ചു’, ചെന്നിത്തല പറഞ്ഞു.

എൽഡിഎഫ് അല്ലെങ്കിൽ ആരുണ്ട്, എന്നത് എന്തൊരു ചോദ്യമാണെന്ന്എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവാക്യത്തെ ചൂണ്ടി ചെന്നിത്തല ആരാഞ്ഞു. ധാർഷ്ട്യത്തിന്റെ സ്വരമല്ലേ അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർഭരണത്തിന്റെ ദുരന്തം പാർട്ടിയെ തകർക്കുമെന്ന് കണ്ട് യഥാർഥ കമ്യൂണിസ്റ്റുകാർ യുഡിഎഫിന് ആണ് വോട്ട് ചെയ്തത്. അല്ലെങ്കിൽ തളിപ്പറമ്പിലും പയ്യന്നൂരിലും ജയിക്കുമോ. പുന്നപ്ര സ്ഥിതിചെയ്യുന്ന അമ്പലപ്പുഴയിൽ ജയിക്കുമോ, ചെന്നിത്തല ചോദിച്ചു.

അമ്പലപ്പുഴയിൽ ജി. സുധാകരനെ തോൽപിക്കുക എന്നതാണ് ഏറ്റവും വലിയ അജണ്ട എന്നാണ് സിപിഎം പാർട്ടി സെക്രട്ടറി പറഞ്ഞതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. കൊട്ടാരക്കരയിൽ അയിഷാ പോറ്റി വളരെ ചെറിയ വോട്ടുകൾക്കാണ് തോറ്റത്. യഥാർഥ കമ്യൂണിസ്റ്റുകാർ യുഡിഎഫിന് വോട്ടു ചെയ്തതിനാലാണ് ഇത്ര വലിയ വിജയമുണ്ടായതെന്നാണ് തന്റെ വിലയിരുത്തൽ, ചെന്നിത്തല പറഞ്ഞു.

രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കേരളത്തിൽ ഇത്തരമൊരു വിജയമുണ്ടാകാൻ അധ്വാനിച്ചെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവമായി കാണേണ്ട വിഷയമാണെന്ന് പറഞ്ഞ ചെന്നിത്തല, തെറ്റുതിരുത്തിയാൽ ഇടതുപക്ഷത്തിന് ഇനിയും മുന്നോട്ടു പോകാനാകുമെന്നും പറഞ്ഞു.

Senior Congress leader Ramesh Chennithala described UDF’s landslide victory in the Kerala Assembly elections as a mandate decided by the people against 10 years of anti-incumbency. In an exclusive interview, he stated that the Congress high command would decide the next Chief Minister while recalling his 2011 gesture of proposing Oommen Chandy’s name for the post. Chennithala also attributed the victory to a shift in votes from “real communists” and highlighted the need to take the BJP’s gain of three seats seriously.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News