തിരുവനന്തപുരം: മാര്‍ക്ക് ദാനത്തില്‍ മന്ത്രിയുടെ വാദങ്ങള്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്നും വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്എഫ്‌ഐക്ക് ഇതിലൊന്നും മിണ്ടാട്ടമില്ല എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആ സംഘടന ഇപ്പോഴുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. മന്ത്രി കെടി ജലീല്‍ ഉള്‍പ്പെട്ട മാര്‍ക്കുദാന വിവാദത്തില്‍ ചെന്നിത്തല ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ടു കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഇവയെല്ലാം വിശദീകരിച്ചു ഗവര്‍ണര്‍ക്കു വീണ്ടും കത്തു നല്കിയതായും രമേശ് ചെന്നിത്തല പറഞ്ഞു.
മാര്‍ക്ക് ദാനത്തിനിതെിരേ കടുത്ത വിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍ രംഗത്തുവന്നതു മന്ത്രി ജലീലിനു കനത്ത തിരിച്ചടിയായിരുന്നു. മുഖ്യമന്ത്രി ചെയര്‍മാനായിരിക്കുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ വൈസ് ചെയര്‍മാനാണ് രാജന്‍ ഗുരുക്കള്‍. അദ്ദേഹം എംജി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ കൂടിയാണ്. അതേസമയം, വിവാദം പാര്‍ട്ടി പരിശോധിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മന്ത്രി ജലീലിനെതിരേ ഉയര്‍ന്ന മാര്‍ക്ക് ദാന വിവാദത്തിലെ എല്ലാക്കാര്യങ്ങളും പാര്‍ട്ടി പരിശോധിക്കുമെന്നാണ് കോടിയേരി പറഞ്ഞത്.