ആലുവ: റംബൂട്ടാന്‍ ശ്വാസനാളത്തില്‍ കുടുങ്ങിയ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആലുവ സ്വദേശിയായ ദമ്പതികളുടെ കുഞ്ഞിനെയാണ് ആലുവ രാജഗിരി ആശുപത്രി ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമായതിനെതുടര്‍ന്ന് തീവ്ര പരിചരണവിഭാഗത്തില്‍ നിന്ന് ഉടന്‍ മാറ്റും.
ആലുവ സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞ് കഴിഞ്ഞ 28ാം തീയതിയാണ് വീട്ടില്‍ വച്ച് അബദ്ധത്തില്‍ പഴം വിഴുങ്ങി ബോധരഹിതനായത്. ശ്വാസം ലഭിക്കാതെ അനക്കം നിലച്ച കുഞ്ഞിനെ ഉടന്‍തന്നെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയ സ്തംഭനം സംഭവിച്ച അവസ്ഥയില്‍ അത്യാഹിത വിഭാഗത്തില്‍ എത്തിയ കുഞ്ഞിന് 15 മിനിറ്റോളം സിപിആര്‍ നല്‍കിയതോടെയാണ് ഹൃദയമിടിപ്പ് വീണ്ടെടുക്കാനായത്.
പിന്നീട് ബ്രോങ്കോസ്‌കോപ്പി പ്രക്രിയയിലൂടെ കുട്ടിയുടെ ശ്വസനനാളത്തില്‍ കുടുങ്ങിയ റംബൂട്ടാന്‍ പൂര്‍ണമായി പുറത്തെടുത്തു. കുട്ടിയുടെ ശ്വാസകോശം സാധാരണ നിലയില്‍ ആകുവാനും മസ്തിഷ്‌കത്തിന് സംഭവിച്ചേക്കാവുന്ന തകാരാറുകളും കണക്കിലെടുത്ത് കുട്ടിയെ തീവ്രപരിചരണവിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തിലേക്ക് മാറ്റി.
മൂന്ന് ദിവസത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ കഠിനപ്രയത്നത്തിന്റെ ഫലമായി കുട്ടിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചു. മുലപ്പാല്‍ നുണഞ്ഞു തുടങ്ങിയ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നു മുറിയിലേക്ക് ഉടന്‍ തന്നെ മാറ്റും.