‘ഇപ്പോൾ ഒരു രാഷ്ട്രീയത്തിനും അടിമയല്ല’ സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ ബിജെപി വിട്ടു 

കോഴിക്കോട്: സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ) ബിജെപിയിൽ നിന്ന് രാജിവെച്ചു. പാർട്ടി സംസ്ഥാന സമിതി അംഗമായിരുന്ന അദ്ദേഹം നേരത്തെ എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു. ഇപ്പോൾ ഫെയ്സ്ബുക്കിലൂടെയാണ് പാർട്ടി ബന്ധം പൂർണമായും ഉപേക്ഷിച്ചതായി രാമസിംഹൻ വ്യക്തമാക്കിയത്. സംസ്ഥാന പ്രസിഡന്റിനായി അയച്ച കത്തിലാണ് അദ്ദേഹം രാജി വിവരം അറിയിച്ചത്.

ഇപ്പോൾ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. പണ്ട് കുമ്മനം രാജശേഖരൻ തോറ്റപ്പോൾ വാക്ക് പാലിച്ച് മൊട്ടയടിച്ച താൻ ഇനി ആർക്കു വേണ്ടിയും മൊട്ടയടക്കില്ലെന്നും തല മൊട്ടയടിച്ച ചിത്രം പങ്കുവെച്ചുകൊണ്ട് രാമസിംഹൻ പറഞ്ഞു. ഈ കുറിപ്പിന് താഴെയാണ് ബിജെപി വിട്ട കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

സംവിധായകൻ രാജസേനനയും നടൻ ഭീമൻ രഘുവും അടുത്തിടെ ബിജെപി വിട്ടിരുന്നു. ഇതിനുപിന്നാലെയാണ് സിനിമാ രംഗത്തുനിന്നുള്ള രാമസിംഹനും ബിജെപിയിൽനിന്ന് രാജിവെച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News