പത്തനംതിട്ട: പുല്ലാട് രമാദേവിയുടെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതി ഭത്താവ് ജനാർദ്ദനൻ നായരെ വടക്കേകവലയിൽ വടക്കേ ചട്ടക്കുളത്തു വീട് നിന്നിരുന്ന സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. 17 വർഷം മുൻപ് നടന്ന കൊലപാതകത്തിൽ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ട രമാദേവിയുടെ ഭർത്താവ് ജനാർദ്ദനൻ നായരെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. 2006 മെയ് മാസം 26 ന് ആണ് രമാദേവിയെ പുല്ലാട് വടക്കേക്കവലയിലെ വീട്ടിൽ കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
രമാദേവിയുടെ ഭർത്താവ് ജനാർദ്ദനൻ നായർ ഈ സമയം ചെങ്ങന്നൂരിൽ പോസ്റ്റ് മാസ്റ്ററായി ജോലി ചെയ്ത് വരികയായിരുന്നു. കൊലപാതകം നടന്നതിന് അടുത്ത ദിവസങ്ങളിൽ പ്രദേശത്തുനിന്ന് സ്ഥലംവിട്ട ചുടല മുത്തു എന്ന തമിഴ്നാട് സ്വദേശിയെ ചുറ്റിപ്പറ്റിയാണ് ആദ്യകാലങ്ങളിൽ അന്വേഷണം നടന്നത്. എന്നാൽ, ചുടല മുത്തുവിനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല.
കഴിഞ്ഞവർഷം ഇയാൾക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെ തെങ്കാശിയിൽ നിന്ന് കണ്ടെത്തിയത് കേസിൽ വഴിത്തിരിവാകുകയായിരുന്നു. രമാദേവിയും ജനാർദ്ദനൻ നായരും തമ്മിൽ സ്ഥിരമായി വഴക്ക് ഉണ്ടാകാറുണ്ടായിരുന്നെന്ന് ഈ സ്ത്രീ ക്രെംബ്രാഞ്ചിന് മൊഴി നൽകി.
മരണസമയത്ത് രമാദേവിയുടെ കൈയ്യിൽ നിന്ന് ലഭിച്ച മുടിയിഴകൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുകയും അവ ജനാർദ്ദനൻ നായരുടേതാണെന്ന് തിരിച്ചറിയുകയുമായിരുന്നു. അറസ്റ്റുചെയ്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ സംശയം കാരണം താൻ ഭാര്യയെ കൊലപ്പെടുത്തിയതാണെന്ന് ജനാർദ്ദനൻ നായർ സമ്മതിച്ചതായാണ് വിവരം.
എന്നാൽ, ഇത് ബന്ധുക്കൾ നിഷേധിക്കുകയാണ്. പ്രസവം നിർത്തിയ രമാദേവിക്ക് ട്യൂബൽ പ്രഗ്നൻസി ഉണ്ടായത് പരപുരുഷ ബന്ധം കാരണമാണെന്ന് വിശ്വസിച്ച ജനാർദ്ദനൻ നായർ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ അന്വേഷണ സംഘം വെള്ളിയാഴ്ച രാവിലെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം സംഭവങ്ങളെന്ന് പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് തെളിവെടുപ്പില്‍ വിശദീകരിച്ചു. സംഭവം നടന്ന വടക്കേ ചട്ടക്കുളത്തു വീടും സ്ഥലവും നേരത്തെ വിൽപ്പന നടത്തിയിരുന്നു. വീട് പൊളിച്ചുനീക്കിയ പ്രദേശം കാടുകയറിയ നിലയിലാണുള്ളത്.