ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയില്‍ ഇത്തവണ കേരളത്തില്‍ നിന്ന് പത്ത് പുതുമുഖങ്ങളാണുള്ളത്. രാജ്മോഹന്‍ ഉണ്ണിത്താന്‍, എ.എം ആരിഫ്, വി.കെ. ശ്രീകണ്ഠന്‍, രമ്യാ ഹരിദാസ്, ടി.എന്‍. പ്രതാപന്‍, ബെന്നി ബെഹന്നാന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, തോമസ് ചാഴികാടന്‍, അടൂര്‍ പ്രകാശ് തുടങ്ങി പത്തു പേരാണ് കേരളത്തില്‍ നിന്ന് ലോക്സഭയില്‍ എത്തുന്ന പുതുമുഖങ്ങള്‍. സത്യപ്രതിജ്ഞയ്ക്കൊരുങ്ങുകയാണ് കേരളത്തില്‍ നിന്നുള്ള 20 നിയുക്ത എം.പിമാരും. ലോക്‌സഭാംഗമായി സത്യപ്രതിജ്ഞചെയ്യാന്‍ ഹിന്ദി പഠിക്കുന്ന തിരക്കിലാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍.
കേരളഹൗസിലിരുന്ന് ”മേം രാജ്‌മോഹന്‍ ഉണ്ണിത്താന്‍…” എന്ന് തുടങ്ങുന്ന സത്യപ്രതിജ്ഞ മലയാളത്തില്‍ എഴുതി ഉറക്കെ വായിച്ചു കാണാപാഠം പഠിക്കുകയാണ് ഉണ്ണിത്താന്‍. മലയാളത്തിലും സത്യപ്രതിജ്ഞ ചൊല്ലാമെന്നിരിക്കെ എന്തിനാണു ഹിന്ദിയെന്നു ചോദിച്ചപ്പോള്‍ ഇനി തട്ടകം ഡല്‍ഹിയല്ലേ എന്നായിരുന്നു ഉണ്ണിത്താന്റെ മറുപടി.
അതേസമയം കേരളത്തില്‍ നിന്നുള്ള ഏക ഇടത് ലോക്സഭാഗമായ എ.എം ആരിഫ് സത്യവാചകം ചൊല്ലുന്നത് മാതൃഭാഷയായ മലയാളത്തിലാണ്. സ്ത്യപ്രതിജ്ഞ ഇംഗ്ലീഷിലോണോ മലയാളത്തിലാണോ വേണ്ടെതെന്നുള്ള കാര്യത്തില്‍ ആദ്യം സംശയം ഉണ്ടായിരുന്നു. പിന്നീട് മലയാളം മതിയെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ഷര്‍ട്ടും മുണ്ടും ധരിച്ചാണ് ലോക്സഭയില്‍ പോവുന്നതെന്ന് ആരിഫ് പറഞ്ഞു.