‘സുരേഷിനും സുമലത ടീച്ചറിനും കല്യാണം’?; സേവ് ദ് ഡേറ്റ് വിഡിയോയുടെ ട്വിസ്റ്റ് ഇങ്ങനെ

കൊച്ചി:‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ നടന്‍ രാജേഷ് മാധവനും നടി ചിത്ര നായരും ഒന്നിക്കുന്ന ‘സേവ് ദ് ഡേറ്റ്’ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇതോടെ ഇരുവരും ജീവിതത്തിൽ വിവാഹിതരാകുകയാണെന്ന് കരുതി നിരവധിപ്പേരാണ് ആശംസകളുമായി എത്തുന്നത്. എന്നാൽ ഇതൊരു സിനിമാ പ്രമോഷൻ വിഡിയോയാണെന്നാണ് സ്ഥിരീകരിച്ചിരിയ്ക്കുന്നത്.

സുരേഷ്, സുമലത ടീച്ചർ എന്നീ കഥാപാത്രങ്ങളെ വച്ച് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കു വേണ്ടിയാണ് വിഡിയോ ഒരുക്കിയത്. ‘ആയിരം കണ്ണുമായി’ എന്നാകും സിനിമയുടെ ടൈറ്റിൽ. ‘ന്നാ താന്‍ കേസ് കൊട്’എന്ന ചിത്രത്തിലെ സുരേഷിന്റെ ഓട്ടോയുടെ പേരാണ് ‘ആയിരം കണ്ണുമായി’.കുഞ്ചാക്കോ ബോബന്‍,സുരാജ് വെഞ്ഞാറമ്മൂട് അടക്കമുള്ള പ്രമുഖര്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തയാഴ്ച കണ്ണൂരില്‍ തുടങ്ങും

ഇരുവരും ഡാന്‍സ് കളിക്കുന്നത് അടക്കം ഉള്ള മനോഹരമായ ഗാനം ഉള്‍പ്പെടുന്നതാണ് പുറത്തുവന്ന സേവ് ദി ഡേറ്റ് വിഡിയോ. ഗായകന്‍ അലോഷിയാണ് വിഡിയോയിലെ ഗാനം ആലപിച്ചിരിക്കുന്നത്.

മലയാള സിനിമയിലെ ശ്രദ്ധേയനായ കാസ്റ്റിംഗ് ഡയറക്ടര്‍ കൂടിയാണ് രാജേഷ് മാധവന്‍. ഏറെ ശ്രദ്ധിക്കപ്പെട്ട തിങ്കളാഴ്‌ച നിശ്ചയമെന്ന ചിത്രത്തിന്‍റെ കാസ്റ്റിംഗ് ഡയറക്ടര്‍ ഇദ്ദേഹമായിരുന്നു. ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയിലും രാജേഷ് കാസ്റ്റിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദിലീഷ് പോത്തന്‍റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ കയ്യടി നേടുന്ന നടനാണ് രാജേഷ് മാധവൻ. മദനോത്സവം എന്ന സിനിമയിലാണ് താരം അവസാനം അഭിനയിച്ചത്. ചിത്രത്തിലെ ​ഗുണ്ടയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. അഭിനയത്തിനൊപ്പം സംവിധാനത്തിലേക്കും ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ്. ‘പെണ്ണും പൊറാട്ടും’ എന്നാണ് ചിത്രത്തിന്‍റെ പേര്. സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ മാത്രമാണ് ഇതുവരെ പുറത്തുവിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News