മന്ത്രി റിയാസിന്റെ നിലപാട് സംസ്ഥാന സർക്കാരിൻ്റെ പൊള്ളത്തരത്തിന് ഉദാഹരണം;ദേശീയപാതാ വിഷയത്തില്‍ രാജീവ് ചന്ദ്രശേഖർ

തൊടുപുഴ: ദേശീയപാതയുടെ നിര്‍മാണം തന്റെ മികവാണെന്ന് മൂന്നുദിവസം മുമ്പുവരെ അവകാശപ്പെട്ട പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇപ്പോള്‍ ഉത്തരവാദിത്വം മുഴുവന്‍ നാഷണല്‍ ഹൈവേ അതോറിറ്റിക്കാണെന്ന് തിരുത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ പൊള്ളത്തരത്തിന് ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തൊടുപുഴയില്‍നടന്ന ബിജെപി ഇടുക്കി നോര്‍ത്ത് ജില്ലാ വികസിതകേരളം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവിതനിലവാരത്തില്‍ മാറ്റം പ്രതീക്ഷിച്ചാണ് കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷത്തിന് അവസരം നല്‍കിയത്. എന്നാല്‍ ഈ സര്‍ക്കാരിന്റെ ഒന്‍പതുവര്‍ഷം നഷ്ടങ്ങളുടേത് മാത്രമായിരുന്നു. കടമെടുക്കാതെ ഒരിഞ്ച് മുന്നോട്ടുപോകാന്‍ സര്‍ക്കാരിനാവുന്നില്ല.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവും ആശാവര്‍ക്കര്‍മാര്‍ക്ക് അര്‍ഹമായ ഓണറേറിയവും നല്‍കാന്‍ സര്‍ക്കാരിന്റെ കൈയില്‍ പണമില്ല. അതിനിടെ നടത്തുന്ന വാര്‍ഷികാഘോഷ മഹാമഹം എന്തിനുവേണ്ടിയെന്നും, ആര്‍ക്കുവേണ്ടിയെന്നും സര്‍ക്കാര്‍ വിശദീകരിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് തീവ്രവാദി ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സൈന്യത്തിന്റെ കൈയില്‍ ഒന്നുമില്ലായിരുന്നു. എന്നാല്‍ മോദി ഭരണത്തിന്റെ ഒരുദശകം പിന്നിടുമ്പോള്‍ രാജ്യത്തിന്റെയും സൈന്യത്തിന്റെയും പ്രതിരോധശേഷി പതിന്‍മടങ്ങ് വര്‍ധിച്ചു. ലോകത്തെ പ്രധാന സൈനിക ശക്തിയായും സാമ്പത്തിക ശക്തിയായും രാജ്യം പരിണമിച്ചെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News