KeralaNews

രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫില്‍ കേറാം; സാധ്യതകള്‍ ഇങ്ങനെ

മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ദയനീയ തോല്‍വിയേറ്റുവാങ്ങിയെങ്കിലും രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചിട്ടില്ല. ഇപ്പോള്‍ 13 മത്സരങ്ങളില്‍ 12 പോയിന്റുമായി ആറാം സ്ഥാനത്താണ് രാജസ്ഥാന്‍. രാജസ്ഥാനെ തോല്‍പ്പിച്ച ആര്‍സിബിക്കും ഇത്രയും പോയിന്റാണുള്ളത്. എന്നാല്‍ കൂറ്റന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റില്‍ രാജസ്ഥാനെ മറികടക്കാന്‍ ഫാഫ് ഡു പ്ലെസിക്കും ടീമിനുമായി.

സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബി 172 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഫാഫ് ഡു പ്ലെസിസ് (55), ഗ്ലെന്‍ മാക്സ്വെല്‍ (54) എന്നിവരാണ് ആര്‍സിബി നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 10.3 ഓവറില്‍ 59ന് എല്ലാവരും പുറത്തായി. ഫലം 112 റണ്‍സിന്റെ തോല്‍വി. 35 റണ്‍സെടുത്ത ഷിംറോണ്‍ ഹെറ്റ്മെയറാണ് ടോപ് സ്‌കോറര്‍. വെയ്ന്‍ പാര്‍നെല്‍ മൂന്നും മൈക്കല്‍ ബ്രേസ്വെല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

രാജസ്ഥാന് ഇനി ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്. 19ന് പഞ്ചാബ് കിംഗ്‌സിനെതിരെയാണത്. ആ മത്സരം ജയിച്ചാല്‍ സഞ്ജുവിനും സംഘത്തിനും 14 പോയിന്റാവും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിംഗ്‌സ് എന്നിവര്‍ക്കും 12 പോയിന്റ് വീതമാണുള്ളത്. ഇതില്‍ ആര്‍ബിക്കും പഞ്ചാബിനും ബാക്കിയുള്ളത് രണ്ട് മത്സരങ്ങള്‍. ഇരു ടീമുകളും ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ പരാജയപ്പെടുകയും രാജസ്ഥാന്‍ ജയിക്കുകയും ചെയ്താല്‍ 14 പോയിന്റിലെത്താം.

രാജസ്ഥാന് അവസാന മത്സരത്തില്‍ നേരിടേണ്ടത് പഞ്ചാബിനെയാണ്. കൊല്‍ക്കത്ത അവസാന മത്സരം ജയിച്ചാലും നെറ്റ് റണ്‍റേറ്റ് മറികടക്കാതെ നോക്കുകയും വേണം. 11 മത്സരങ്ങളില്‍ എട്ട് പോയിന്റുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന് ഭീഷണിയാണ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഒരെണ്ണം ഹൈദരാബാദ് തോറ്റാല്‍ മാത്രമെ രാജസ്ഥാന്റെ സാധ്യതകള്‍ നിലനില്‍ക്കൂ.

ഒന്നാമത് നില്‍ക്കുന്ന ഗുജറാത്ത് ടൈറ്റന്‍സും (16), തൊട്ടുപിന്നിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സും (15) ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചെന്ന് പറയാം. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും കാര്യങ്ങള്‍ എളുപ്പമല്ല. 14 പോയിന്റുള്ള മുംബൈ മൂന്നാമതാണ്. 13 പോയിന്റോടെ ലഖ്‌നൗ നാലാമതും. ഇരുവരും നാളെ നേര്‍ക്കുനേര്‍ വരുന്നുണ്ട്. ഇതിലൊരു ടീം തോല്‍ക്കുമെന്നിരിക്കെ പ്ലേ ഓഫ് മത്സരം ടൈറ്റാവും.

ലഖ്‌നൗ തോറ്റാല്‍ അവസാന മത്സരത്തില്‍ നേരിടേണ്ടത് എവെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ്. മുംബൈക്ക് അവസാന മത്സരം സ്വന്തം ഗ്രൗണ്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും. രാജസ്ഥാന് +0.140 റണ്‍റേറ്റുള്ളതും ഗുണം ചെയ്യും. പഞ്ചാബിനെതിരെ അവസാന മത്സരം നല്ല രീതിയില്‍ ജയിച്ചാല്‍ രാജസ്ഥാന്റെ പ്രതീക്ഷള്‍ ഉയരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button