ബിക്കാനീർ: ശനിയാഴ്ച ഉച്ചയ്ക്ക് രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിച്ച അതിശക്തമായ മണൽക്കാറ്റും മഴയും ജനജീവിതം ദുസ്സഹമാക്കി. ഉച്ചയ്ക്ക് രണ്ട് മണിയോടെയുണ്ടായ മണൽക്കാറ്റ് നഗരത്തിൽ ഇരുട്ടുപരത്തി. കാഴ്ചാപരിധി പൂജ്യത്തിലേക്ക് താഴ്ന്നതോടെ റോഡുകളിൽ വാഹനങ്ങൾ ഹെഡ്ലൈറ്റുകൾ തെളിയിച്ചാണ് സഞ്ചരിച്ചത്.
വടക്കുപടിഞ്ഞാറൻ രാജസ്ഥാനിലെ ബിക്കാനീർ, ഗംഗാനഗർ, ഹനുമാൻഗഢ്, ചുരു, സിക്കാർ, ജുൻജുനു, ജയ്പൂർ, നാഗൗർ തുടങ്ങിയ ജില്ലകളിൽ മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെ വേഗതയിലുള്ള അതിശക്തമായ മണൽക്കാറ്റാണ് വീശിയടിച്ചത്. ജയ്പൂരിൽ പത്ത് മിനിറ്റോളം നീണ്ടുനിന്ന മണൽക്കാറ്റിന് പിന്നാലെ ശക്തമായ മഴ പെയ്തു.
പെട്ടന്നുണ്ടായ കാലാവസ്ഥാമാറ്റം ജനങ്ങളിൽ പരിഭ്രാന്തി പരത്തി. മരങ്ങൾ കടപുഴകി വീണതും വൈദ്യുത ലൈനുകൾ തകർന്നതും പലയിടങ്ങളിലും വൈദ്യുതി തടസ്സപ്പെടാൻ കാരണമായി.
വെസ്റ്റേൺ ഡിസ്റ്റർബൻസ് (Western Disturbance) എന്നറിയപ്പെടുന്ന പ്രതിഭാസത്തെ തുടർന്നാണ് കാലാവസ്ഥയിൽ പെട്ടന്ന് മാറ്റം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. വരുംദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയും കാറ്റും തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജയ്പൂർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
A massive dust storm followed by heavy rainfall disrupted normal life across various parts of Rajasthan on Saturday afternoon. The severe storm, which struck around 2:00 PM, plunged Bikaner city into darkness and reduced visibility to absolute zero. Commuters on the roads were forced to switch on their vehicle headlights to navigate safely, while local authorities issued urgent safety advisories for residents.


