ഇടുക്കി: ജില്ലയിലെ ദേവികുളം, പീരുമേട് താലൂക്കുകളിലെയും ഉടുമ്പൻചോല താലൂക്കിലെ ബൈസൺവാലി, ചിന്നക്കനാൽ പഞ്ചായത്തുകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും തിങ്കളാഴ്ച ജില്ലാകലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമില്ല.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങൾക്കും തിങ്കളാഴ്ച അവധിയാണ്. ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിയ്ക്കുന്ന സ്കൂളുകള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയും മണ്ണിടിച്ചിൽ സാധ്യതയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലേക്കുമുള്ള വിനോദയാത്ര പൂർണ്ണമായും നിരോധിച്ചു. മൂന്നാറിൽ ഉരുൾപൊട്ടൽ ഉണ്ടാകുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് തീരുമാനം. നേരത്തെ അതിതീവ്രമഴയുടെ സാഹചര്യത്തിൽ ജില്ലയിൽ ടൂറിസ്റ്റുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നുവെങ്കിലും ഒറ്റപ്പെട്ട രീതിയിലെങ്കിലും ആളുകൾ മൂന്നാറിലേക്ക് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ പുതിയ ഉത്തരവ്.
ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു, 100 ക്യൂ മെക്സ് ജലം പുറത്തേക്ക് ഒഴുക്കി. തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ ഒരു ലക്ഷം ലിറ്റർ ആണ്. അധികമായി തുറന്നുവിട്ട ജലം ചെറുതോണിയിലെത്തി. ജലനിരപ്പിൽ കാര്യമായ വ്യത്യാസമില്ല.
റെഡ് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ പല ഘട്ടങ്ങളായി തുറന്നത്. ചട്ടപ്രകാരം മൂന്ന് തവണ സൈറണ്‍ മുഴക്കിയ ശേഷം രാവിലെ പത്ത് മണിയോടെ ഡാം തുറന്നു. ഡാം തുറന്നെങ്കിലും പെരിയാർ തീരത്തുള്ളവരുടെ വീടുകളിലേക്കൊന്നും വെള്ളം കയറില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. മുൻകരുതലായി 79 കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ക്യാമ്പ് തുടങ്ങാൻ 23 സ്ഥലങ്ങളും കണ്ടെത്തി. ഇടുക്കി, കഞ്ഞിക്കുഴി, തങ്കമണി, വാത്തിക്കുടി, ഉപ്പുതോട് വില്ലേജുകളിൽ അനൗൺസ്മെൻറും നടത്തി.
ഇടുക്കി ഡാം തുറന്നതിന്റെ ഭാഗമായി എറണാകുളത്ത് മുൻകരുതലുകള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കി. ഇടമലയാർ ഡാം തുറക്കേണ്ടി വന്നാലും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു.നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.
ഡാം തുറക്കുമ്പോള്‍ മുൻകരുതലുകള്‍ ഏര്‍പെടുത്തുന്നതിന്റെ ഭാഗമായി മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. ഡാം തുറക്കുന്നതിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണ കൂടം യോഗത്തിലറിയിച്ചു.
താലൂക്ക് തലത്തില്‍ തയ്യാറാക്കിയ ക്യാമ്പുകളിലേക്ക് ഭക്ഷണം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ സജ്ജമാണ്. മരുന്നുകളും സ്റ്റോക്ക് ചെയ്തിട്ടുണ്ട്.. ഓരോ മണ്ഡലത്തിലും നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. വിവരങ്ങള്‍ യഥാസമയം അറിയിക്കുന്നതിനായി ജനപ്രതിനിധികള്‍ ഉള്‍പെടെയുള്ളവരുടെ വാട്ട്സ് അപ്പ് ഗ്രൂപ്പുകള്‍ ആരംഭിക്കും. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ കരയിലുളളവരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇവരോട് രണ്ടുദിവസം കൂടി ക്യാംപില്‍ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.