കോഴിക്കോട്: ശക്തമായ മഴ. ഇന്നലെ അർദ്ധരാത്രി മുതൽ മഴ തുടരുകയാണ്. കക്കയം അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ ഒരു ഷട്ടർ ഇന്നലെ രാത്രി 8 മണിയോടെ 15 സെന്റീമീറ്റർ ഉയർത്തിയിരുന്നു.ഷട്ടർ ഉയർത്തി വെള്ളം തുറന്ന് വിടുന്നതിനാൽ കുറ്റിയാടി പുഴയിൽ ജലനിരപ്പ് ഉയരാൻ ഇടയുണ്ട്. തീരവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി. ജില്ലയിൽ കടലും പലയിടത്തും പ്രക്ഷുബ്ധമായതിനാൽ മത്സ്യ തൊഴിലാളികളും ജാഗ്രത പാലിക്കണം.
കോഴിക്കോട് കോവൂരിൽ കാറ്റിൽ കെട്ടിടത്തിൻ്റെ മേൽക്കൂര പറന്നു പോയി. തൊട്ടടുത്ത ഇലക്ടിക് ലൈനുകളിൽ തട്ടി നിൽക്കുകയാണിപ്പോൾ കോഴിക്കോട് താമരശേരി ചുങ്കത്ത് രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം വീണ് മേൽക്കൂര തകർന്നു.പനംതോട്ടത്തിൽ ടി.പി സുബൈറിൻ്റെ വീടിന് മുകളിലേക്കാണ് സമീപത്തുള്ള മരം വീണത്.രാവിലെ 8.30 ഓടെ യായിരുന്നു അപകടം.
കോഴിക്കോട് മൂടാടി ഉരുപുണ്യകാവിൽ കടലിൽ തോണി മറിഞ്ഞ് കാണാതായ ഷിഹാബിൻ്റെ മൃതദേഹം കണ്ടെത്തി. കൊയിലാണ്ടി ഹാർബറിന് തൊട്ടടുത്താണ് മൃതദേഹം കണ്ടെത്തിയത്. കടലൂർ മുത്തായത്ത് കോളനിയിൽ ഷിഹാബിന് വേണ്ടി രണ്ട് ദിവസമായി തിരച്ചിൽ തുടരുകയായിരുന്നു. മറൈൻ എൻഫോഴ്സ്മെൻ്റും കൊയിലാണ്ടി പൊലീസും സ്ഥലത്തെത്തി. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കക്കയം ഡാമിൻറെ ഒരു ഗേറ്റ് 15 സെൻറീമീറ്റർ നിന്നും 30 സെന്റീമീറ്റർ ആയി 10. 45 AM -ഓടുകൂടി ഉയർത്തുന്നതാണ്. ഇതുവഴി, പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിൻറെ അളവ് സെക്കൻഡിൽ 25 ക്യുബിക്ക് മീറ്ററിൽ നിന്നും 50 ക്യൂബിക് മീറ്റർ ആയി ഉയരുന്നതാണ്. കുറ്റ്യാടി പുഴയുടെ ഇരുവശങ്ങളിലുള്ള വരും ബന്ധപ്പെട്ട് വരും ജാഗ്രത പാലിക്കണം.
പാലക്കാട് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് മുന്നിലേക്ക് മരം പൊട്ടി വീണു. അപകടത്തിൽ ബസ്സിൻ്റെ ചില്ലുകൾ തകര്‍ന്നു.പാലക്കാട് മണ്ണാര്‍ക്കാട് നെട്ടമല വളവിലാണ് അപകടമുണ്ടായത്. മുൻഭാഗത്തെ ചില്ലുകൾ ആണ് പൂർണ്ണമായും തകർന്നത്. യാത്രക്കാര്‍ക്കും, ഡ്രൈവർക്കും പരിക്കില്ല.
പാലക്കാട് തിരുവേഗപ്പുറ നരിപ്പറമ്പ് സ്കൂളിന് സമീപം റോഡിലേക്ക് മരം കടപുഴകി നിലംപതിച്ച മരം വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. കനത്ത കാറ്റിലും മഴയിലും പാലക്കാട് കൊട്ടേക്കാട് വീടിനു മുകളിൽ മരം വീണു. പടലിക്കാട് സ്വദേശി സുഭാഷിൻ്റെ വീടിനു മുകളിലാണ് മരം വീണത്. വീടിനകത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
വയനാട് മുട്ടിൽ വിവേകാനന്ദ റോഡിൽ ഇടപെട്ടിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്ക് മരം വീണു. വൈദ്യുതി ലൈനിന് മുകളിലൂടെ മരം വീഴുന്നത് കണ്ട് നിർത്തിയ ബസിന്റെ മുൻഭാഗത്താണ് മരം വീണത്. ആർക്കും പരിക്കില്ല. ബസ്സിൻ്റെ മുൻഭാഗത്തെ ഗ്ലാസുകൾ പൂർണമായും തകർന്നു.
അട്ടപ്പാടിയിലും കനത്തമഴ തുടരുകയാണ്. മണ്ണാർക്കാട് ആനക്കട്ടി റോഡിൽ മരംവീണു. ഗതാഗതം ഭാഗികമായി തടസപ്പെട്ടു. വൈദ്യുതി ലൈനും തകർന്നു. അഗളി ചെമ്മണ്ണൂർ ക്ഷേത്ര പരിസരത്ത് വൻ മരം വീടിന് മുകളിൽ വീണു. വീടിന് കേടുപറ്റി. വീട്ടിൽ ഒൻപത് പേരുണ്ടായിരുന്നെങ്കിലും ആളപായമില്ല.