തിരുവനന്തപുരം: തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യത. തിങ്കളാഴ്ച ഇടുക്കി, എറണാകുളം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.