സംസ്ഥാനത്ത് മഴ തുടരുന്നു,വ്യാപക നാശനഷ്ടം;ഇന്ന് 9 ജില്ലകളിൽ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്;

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുന്നു. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിനു മുകളിൽ വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതാണ് കേരളത്തിൽ ശക്തമായ മഴക്കുള്ള കാരണം.

കനത്ത മഴയിൽ മലയോര മേഖലയിലടക്കം വിവിധ ജില്ലകളിൽ വ്യാപക നാശം. വിവിധ ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.ഒൻപതാം വളവിന് താഴെ റോഡിലേക്ക് പാറക്കല്ലുകൾ പതിച്ചതിനെ തുടര്‍ന്ന് താമരശേരി ചുരത്തിൽ ഗതാഗത തടസമുണ്ടായി. ഫയർഫോഴ്സ് എത്തി നീക്കം ചെയ്യാൻ ശ്രമം തുടങ്ങി. 

നാലാം വളവിൽ റോഡിലേക്ക് മരം വീണു. ചുരം സംരക്ഷണ പ്രവർത്തകർ മരം മുറിച്ചു മാറ്റി. പാലക്കാട് പലയിടത്തും നെൽപാടങ്ങൾ വെള്ളത്തിനടിയിലായി. കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് നീളം പാറ കമലയുടെ വീടിന് മുകളിൽ തെങ്ങ് വീണു. അർധരാത്രിയാണ് സംഭവം. ഓടിട്ട വീടിന് മുകളിലാണ് തെങ്ങ് വീണത്. കുട്ടികളടക്കം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കോഴിക്കോട് വിലങ്ങാട് മരം വീണ് വീട് തകർന്നു. വിലങ്ങാട് സ്വദേശി ജലജയുടെ വീടാണ് തകർന്നത്.

കോഴിക്കോടും മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. താമരശ്ശേരി ഉൾപ്പെടെയുള്ള മേഖലകളിൽ രാത്രിയിൽ അതിശക്തമായ മഴ തുടരുകയാണ്. കനത്ത മഴയിൽ ചാലക്കുടിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ചാലക്കുടി അണ്ടർ പാസിൽ വെള്ളം കയറി. പാലക്കാട് പലയിടത്തും നെൽപാടങ്ങൾ വെള്ളത്തിനടിയിലായി.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റു ചില നിയന്ത്രണങ്ങൾ കൂടി ഉണ്ട്.

ഇടുക്കി മൂന്നാർ ഗ്യാപ് റോഡ് വഴിയുള്ള രാത്രി യാത്ര നിരോധിച്ചു. ജില്ലയിലെ ഖനനപ്രവർത്തനങ്ങളും നിരോധിച്ചു. തോട്ടം മേഖലയിലെ പുറം ജോലികൾക്കും നിയന്ത്രണം. പാലക്കാട് നെല്ലിയാമ്പതിയിൽ തത്കാലം വിനോദസഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. എറണാകുളം ജില്ലയിൽ മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാല യാത്ര നിരോധിച്ചു.

മണ്ണിടിച്ചിലിൽ എറണാകുളം എടത്തലയിലെ ലൈജുവിന്‍റെ വീട് ഭാഗികമായി തകര്‍ന്നു.കണ്ണൂർ ഇരിട്ടി -തളിപ്പറമ്പ് സംസ്ഥാന പാതയിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. നിരവധി വീടുകളിലും വെള്ളം കയറി. പഴശ്ശി ഡാമിന്‍റെതാഴെയുള്ള പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. ഇരിക്കൂർ പടയങ്കോട് അംഗനവാടി വെള്ളത്തിൽ മുങ്ങി.

അട്ടപാടിയിൽ വൈദ്യുതി പോസ്റ്റുകളടക്കം തകര്‍ന്നതോടെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. രണ്ടു ദിവസമായി പ്രദേശത്ത് വൈദ്യുതിയില്ല. രാത്രി കനത്ത കാറ്റും മഴയുമുണ്ടായിരുന്നു.മലപ്പുറത്ത് രാവിലെ മുതൽ മഴ ശക്തമാണ്. തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷമാണ്.

വയനാട്ടിൽ അതീവ ജാഗ്രത

വയനാട്ടിൽ ഇന്നലെ രാത്രി പരക്കെ കനത്ത മഴയും കാറ്റും വീശി. ഇന്ന രാവിലെ പലയിടങ്ങളിലും മഴ തുടരുകയാണ്. മലവെള്ളപ്പാച്ചിലിൽ ഉണ്ടായ മാനന്തവാടി മക്കിമലയിൽ അതീവ ജാഗ്രത തുടരുന്നു. വനത്തിനുള്ളിൽ മണ്ണിടിഞ്ഞിട്ടുണ്ടെന്നാണ് അനുമാനം. തലപ്പുഴയിലെ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. തിരുനെല്ലി പുഴ കരകവിഞ്ഞ് ഒഴുകുന്നതിനാൽ പനംകുറ്റി ഉന്നതിയിലെ എട്ടു കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. 

പടിഞ്ഞാറത്തറ , മുട്ടിൽ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ രാത്രിയോടെ കൺട്രോൾ റൂമുകൾ തുറന്നു.പഞ്ചാരക്കൊല്ലിയിലെ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ പലതും വെള്ളം കയറിയ നിലയിലാണ്. വയനാട് 9 പഞ്ചായത്തുകളിൽ റിസോർട്ടുകൾ ഹോംസ്റ്റേകൾ എന്നിവയുടെ പ്രവർത്തനം നിരോധിച്ചു. മാനന്തവാടി ,വൈത്തിരി താലൂക്കുകളിലെ പഞ്ചായത്തുകളിലാണ് നിരോധനം. മുണ്ടക്കൈ ചൂരൽമല ദുരന്ത പ്രദേശത്ത് നോ ഗോ സോൺ മേഖലയിലേക്കുള്ള പ്രവേശനം നിർത്തി. സ്പെഷ്യൽ ക്ലാസ്, ട്യൂഷൻ ക്ലാസുകള്‍ എന്നിവ പാടില്ല.

സുൽത്താൻ ബത്തേരി മേഖലയിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. നിരവധി സ്ഥലങ്ങളിൽ റോഡിനു കുറുകെയും വീടിനുമുകളിലേക്കും മരങ്ങൾ വീണു. സുൽത്താൻ ബത്തേരി കല്ലൂർ പുഴ കരകവിഞ്ഞു. സമീപത്തെ ഉന്നതികളിലേക്ക് വെളളം കയറി തുടങ്ങി. തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷന് സമീപം റോഡിന് കുറുകെ മരം വീണ് ഗതാഗത തടസമുണ്ടായി. ഇലക്ട്രിക് ലൈനിന് മുകളിലേക്കാണ് മരം വീണിരിക്കുന്നത്.

ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു, മുന്നറിയിപ്പ്

  • ജലനിരപ്പ് ഉയർന്നതോടെ ഡാമുകൾ സംബന്ധിച്ചും ചില അറിയിപ്പുകൾ ഉണ്ട്.
  • പെരിങ്ങല്‍ക്കുത്ത് ഡാമിലെ രണ്ടാമത്തെ വാല്‍വ് തുറന്നു. ചാലക്കുടി പുഴയുടെ തീരത്ത് ജാഗ്രത പാലിക്കണം
  • പാലക്കാട്‌ ചുള്ളിയാർ ഡാമിന്‍റെ സ്പിൽവേ ഷട്ടർ അഞ്ച് സെന്റിമീറ്റർ ഉയർത്തി. ഗായത്രിപ്പുഴയുടെ തീരത്ത് ജാഗ്രത നിർദ്ദേശം. ആളിയാർ ഡാം ഷട്ടറും തുറന്നു.
  • മാട്ടുപ്പെട്ടി ഡാം പരമാവധി സംഭരണശേഷിയിലേക്ക് അടുക്കുന്നു. മുതിരപ്പുഴയാറിന്‍റെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പുലർത്തണം.
  • കണ്ണൂർ ബാവലി പുഴയിൽ ജലനിരപ്പ് ഉയര്‍ന്നതിനാലും കക്കുവ പുഴ കര കവിഞ്ഞതിനാലും ജനം ജാഗ്രത പാലിക്കണം. തൃശ്ശൂര്‍ ഷോളയാർ ഡാമിൻ്റെ സ്പിൽവേ ഷട്ടർ അരയടി ഉയർത്തി. വെള്ളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കുന്നതിനാൽ ജലവിതാനം ഉയരാൻ സാധ്യത.
  • കൊല്ലം തെന്മല പരപ്പാർ ഡാം തുറന്നു. പീച്ചി ഡാമിന്റെ നാല് ഷട്ടറുകളും നിലവിൽ എട്ടിഞ്ച് തുറന്നിട്ടുണ്ട്.
  • കണ്ണൂര്‍ പഴശ്ശി ഡാമിന്‍റെ 13 ഷട്ടറുകൾ മൂന്നു മീറ്റർ വീതവും ഒരു ഷട്ടർരണ്ടര മീറ്ററും ഉയർത്തി
  • കക്കയം ഡാമിന്‍റെ രണ്ട് ഷട്ടറുകളും ഉയർത്തി. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. പുഴയോരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി.

കേരളാ തീരത്ത് 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അതിനാൽ 30-ാം തിയതി വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. വിവിധ നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ നദീതീരത്തുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം. മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

കനത്ത മഴയായതിനാൽ കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News