കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്നു; രണ്ടു മരണം;നിരവധി വീടുകൾക്ക് നാശനഷ്ടം

കോഴിക്കോട് :കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയ്യുന്ന കത്ത മഴയെ തുടർന്ന് ജില്ലയില്‍ രണ്ടുപേർ മരിച്ചു. കോഴിക്കോട് താലൂക്കിലെ കല്ലൂട്ടിവയൽ അബ്ബാസിന്റെ മകൻ ഷംസീർ (46), തലക്കുളത്തൂര്‍ വില്ലേജിലെ അന്നശേരി കുളങ്ങരത്തുതാഴം നിഖിലിന്റെ മകള്‍ നക്ഷത്ര (മൂന്ന്) എന്നിവരാണ് മരിച്ചത്. 

ഷംസീർ വേങ്ങേരി വില്ലേജിലെ തടമ്പാട്ടുതാഴം പെട്രോൾ പമ്പിനു സമീപത്തെ ഓവുചാലിൽ വീണും നക്ഷത്ര വീടിനടുത്തുള്ള തോട്ടില്‍ വീണുമാണ് മരണപ്പെട്ടത്. തോട്ടിൽ ഒഴുക്കിൽപ്പെട്ട നക്ഷത്രയെ നരിക്കുനി അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ 200 മീറ്റർ അകലെനിന്ന് കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളിലായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. രണ്ട് കുടുംബങ്ങളില്‍ നിന്നായി 11 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. കോഴിക്കോട് താലൂക്കിലെ പൂളക്കോട് വില്ലേജില്‍ അരയങ്കോട് തോരക്കാളില്‍ കദീശയുടെ വീടിനു മുകളില്‍ പന വീണ് വീട് ഭാഗികമായി തകര്‍ന്നു.

നേരിയ പരിക്കേറ്റ കദീശയെ സ്വകാര്യ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. നഗരം വില്ലേജിൽ സൗത്ത് ബീച്ച് റോഡ് ചാപ്പയിൽ പാത്തുട്ടിയുടെ വീട് ഭാഗികമായി തകർന്നു. കുടുംബാംഗങ്ങൾ ബന്ധുവീട്ടിലേക്ക് മാറി. ചേവായൂർ വില്ലേജിലെ മൂഴിക്കൽ പാലത്തിനടുത്ത് പാറയിൽ പൊറ്റമ്മലിൽ വെള്ളം കയറിയതിനെ തുടർന്ന് എട്ട് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി.

വടകര താലൂക്കില്‍ 11 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ദേശീയപാത 66ല്‍ വടകര സര്‍വീസ് റോഡിന് കിഴക്ക് ഭാഗം മൂരാടിന് സമീപം മണ്ണിടിച്ചില്‍ ഉണ്ടായി. താമരശ്ശേരി ചുരത്തിൽ അപകടാവസ്ഥയിലുണ്ടായിരുന്ന മരം മുറിച്ചുമാറ്റി.

ചുരം ഒമ്പതാം വളവിന് സമീപത്തെ മരമാണ് റവന്യു, ഫയർ ഫോഴ്സ്, പോലീസ്, വനം വകുപ്പ്, ചുരം സംരക്ഷണ സമിതി എന്നിവരുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റിയത്. അടിഭാഗത്തെ കല്ലും മണ്ണും നീങ്ങി ഏത് സമയവും റോഡിലേക്ക് നിലംപൊത്താവുന്ന നിലയിലായിരുന്ന മരം ഒരു മണിക്കൂറിനകം പൂർണമായി മുറിച്ചുമാറ്റി.

നാല് താലൂക്കുകളിലും കലക്ട്രേറ്റിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാണ്. കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം നമ്പര്‍: 0495 – 2371002. ഡിഇഒസി കണ്‍ട്രോള്‍ റൂം: 1077. കോഴിക്കോട് താലൂക്ക് കണ്‍ട്രോള്‍ റൂം: 0495-2372967, താമരശേരി: 0495 -2223088, വടകര: 0496-2520361, കൊയിലാണ്ടി: 0496-2623100.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News