ആലപ്പുഴ:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ പ്രഫഷനല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട ജില്ലയിലെ കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കലക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു.
കേരളത്തിൽ വരും ദിവസങ്ങളിലും മഴ ഭീഷണി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ആന്ധ്രാ പ്രദേശ് തീരത്തിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതിന് പുറമേ
മധ്യ കർണാടകക്ക് മുകളിൽ മറ്റൊരു ചക്രവാതചുഴി കൂടി സ്ഥിതി ചെയ്യുന്നതാണ് മഴ ഭീഷണി ശക്തമായി തുടരാൻ കാരണം. ഓഗസ്റ്റ് 7 തീയതിയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ വിലയിരുത്തൽ. ഇതിന്‍റെ സ്വാധീനത്താൽ കേരളത്തിൽ ഈ മാസം 6 മുതൽ 9 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ ഇന്ന് ഉച്ചയോടെ റെഡ് അലർട്ടുകളെല്ലാം പിൻവലിച്ചിരുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ തുടങ്ങി എട്ട് ജില്ലകളിൽ പുറപ്പെടുവിച്ച റെഡ് അലർട്ട് ആണ് പിൻവലിച്ചത്. അതേസമയം 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 4 ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിലവിൽ മഴ മുന്നറിയിപ്പില്ല.
ഒമ്പതാം തിയതി വരെയുള്ള മഴസാധ്യത പ്രവചനം
മഞ്ഞ അലർട്ട്
06-08-2022: ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട്
07-08-2022: ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട്
08-08-2022:കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട്
09-08-2022: കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ
എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.
ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.