തിരുവനന്തപുരം: സംസ്ഥാനത്തെ ആറു ജില്ലകളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ മണിക്കൂറില്‍ 40 കി.മീ. വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ ഇന്നും നാളെയും അതിശക്തമായ മഴ തുടരും. ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരത്തും ശക്തമായ മഴ തുടങ്ങിയിരുന്നു. ഇന്നും മഴ തുടരും. ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ജില്ലകളില്‍ കാറ്റിനു സാധ്യതയുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ ബുള്ളറ്റിന് പ്രകാരം അതിതീവ്ര ന്യൂനമര്‍ദം അടുത്ത 36 മണിക്കൂറില്‍ കൂടുതല്‍ ദുര്‍ബലമാകും. കേരളത്തിലേക്കു പ്രവേശിക്കുമ്പോള്‍ കാറ്റിന്റെ പരമാവധി വേഗം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ ആയി കുറയും. ഇതോടെ ശക്തമായ മഴ ലഭിക്കുമെന്നല്ലാതെ മറ്റ് ആശങ്കകള്‍ ഒഴിവാകും. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ ചില ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചിരുന്നു. ഞായറാഴ്ച എറണാകുളം ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂര്‍ കൂടി മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.