തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തി. ബംഗാള്‍ ഉള്‍ക്കടലിലെ ശ്രീലങ്കന്‍ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുന്നത്.
ശക്താമയ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാദ്ധ്യത. ഇതിന് പുറമേ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലീ ലിറ്റര്‍വരെ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത കൈവെടിയരുതെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം.
ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി വ്യാഴാഴ്ചവരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത നാല് ദിവസങ്ങളിലും ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.
ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാദ്ധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിന് സാദ്ധ്യതയുള്ള സാഹചര്യത്തില്‍ കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.