തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം തെക്കൻ ജില്ലകളിൽ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും തുലാവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇത് പ്രകാരം സംസ്ഥാനത്ത് നവംബർ മൂന്ന് വരെ വ്യാപക മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഈ ദിവസങ്ങളിലെല്ലാം തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. ജാഗ്രത നിർദ്ദേശം കൂടുതലും തെക്കൻ ജില്ലകളിൽ തന്നെയാണ്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയുണ്ടാകും. ഇടിമിന്നലിന് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
അടുത്ത ദിവസങ്ങളിലെ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്രവചനം
31-10-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
01-11-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
02-11-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്.
03-11-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം.
എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം എറണാകുളം നഗരത്തിൽ ഞായറാഴ്ച ഒരു മണിക്കൂർ പെയ്ത മഴയിൽ എം ജി റോഡിൽ ഉണ്ടായത് വൻ വെള്ളക്കെട്ടായിരുന്നു. ഒരു മണിക്കൂർ മാത്രം പെയ്ത മഴ നഗരജീവിതം താറുമാറാക്കി. ഫുട്പാത്തിലടക്കം വെള്ളം കയറിയതോടെ കടകളിലേക്കും വെള്ളം കയറുമെന്ന് ആശങ്ക ഉയർന്നു. സെൻട്രൽ സ്ക്വയർ മാൾ, കവിതാ തിയേറ്റർ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്.