NationalNews

റെയില്‍വേയില്‍ ഇനി ഈ ഇളവുകളില്ല , മുതിർന്ന പൗരൻമാരടക്കം ഇനി ഫുൾ ചാർജ് കൊടുക്കണം

ഡല്‍ഹി: മുതിർന്ന പൗരന്മാർക്ക് ഉൾപ്പടെയുള്ള യാത്രാ നിരക്കിളവുകൾ (Concession for senior citizen) തിരികെ കൊണ്ട് വരില്ലെന്ന് റെയിൽവേ (Indian Railway). കൊവിഡിനെ (Covid) തുടർന്ന് നിർത്തിവെച്ച സർവ്വീസുകൾ സാധാരണനിലയിൽ പുനരാരംഭിച്ചെങ്കിലും നിരക്കിലെ ഇളവുകൾ തിരികെ കൊണ്ടുവരില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. ഇതോടെ വിവിധ വിഭാ​ഗങ്ങളിൽ ഉൾപ്പെട്ട നിരവധിയാളുകൾക്ക് റെയിൽവേ യാത്രനിരക്കിൽ കിട്ടിക്കൊണ്ടിരുന്ന ഇളവുകൾ ഇല്ലാതാവും.

കൊവിഡ് വ്യാപനത്തെ തുട‍ർന്ന്  കഴിഞ്ഞ വർഷം മാർച്ചിൽ ഭിന്നശേഷിക്കാർ, രോഗികൾ ഉൾപ്പടെ തെരഞ്ഞെടുത്ത നാല് വിഭാഗങ്ങളൊഴികെ മറ്റെല്ലാവർക്കുമുള്ള ഇളവുകളും റെയിൽവേ നിർത്തിവെച്ചിരുന്നു. കൊവിഡിന് മുമ്പ് 53 വിഭാഗങ്ങളിലാണു ഇളവ് അനുവദിച്ചിരുന്നത്. മുതിർന്ന പൗരന്മാർ, പൊലീസ് മെഡൽ ജേതാക്കൾ, ദേശീയ പുരസ്കാരം നേടിയ അധ്യാപകർ, യുദ്ധത്തിൽ മരിച്ചവരുടെ വിധവകൾ, പ്രദർശനമേളകൾക്ക് പോകുന്ന കർഷകർ / കലാപ്രവർത്തകർ, കായികമേളകളിൽ പങ്കെടുക്കുന്നവർ തുടങ്ങിയവർക്ക് യാത്രാനിരക്കിൽ 50 മുതൽ 75 ശതമാനം വരെ ഇളവ് നൽകിയിരുന്നു.

നാല് വിഭാ​​ഗത്തിൽപ്പെട്ട വികലാം​ഗ‍ർ, പതിനൊന്ന് വിഭാ​ഗം വിദ്യാ‍ർത്ഥികൾ എന്നിവ‍ർക്ക് തുടർന്നും യാത്രാ ഇളവുകൾ ലഭ്യമാവും. എന്നാൽ മുതിർന്ന പൗരൻമാ‍ർ അടക്കമുള്ളവ‍ർക്ക് ലഭിച്ചു പോന്നിരുന്ന യാത്രാ ഇളവുകൾ ഇനി ലഭിക്കില്ല.  മറ്റെല്ലാ വിഭാ​​ഗത്തിലുള്ളവരുടേയും 
ടിക്കറ്റ് ഇളവുകൾ പിൻവലിച്ചതായി റെയിൽവേ മന്ത്രി  രേഖാമൂലം ലോക്സഭയെ അറിയിച്ചു. യാത്രാഇളവുകൾ പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്നും റെയിൽവേയ്ക്ക് മുന്നിൽ അപേക്ഷകളെത്തിയെന്നും എന്നാൽ നിലവിലെ സാമ്പത്തികസ്ഥിതിയിൽ കൂടുതൽ ഇളവുകൾ നൽകുക പ്രായോ​ഗികല്ലെന്നും മന്ത്രി വ്യക്തമാക്കുന്നു.

 

കൊവിഡ് പ്രതിസന്ധിക്ക് ശേഷം സ്പെഷ്യൽ ട്രെയിനുകളായിട്ടാണ് റെയിൽവേ സ‍ർവ്വീസുകൾ നടത്തിയിരുന്നത്‌. തീവണ്ടി സ‍ർവ്വീസുകൾ സാധാരണ നിലയിലാവുന്നതോടെ വിവിധ വിഭാ​ഗങ്ങൾക്കുള്ള യാത്രഇളവുകളും പുനസ്ഥാപിക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മുതിർന്ന പൗരൻമാ‍ർക്ക് അടക്കം നൽകി വന്നിരുന്ന യാത്രാഇളവുകൾ ഇനിയുണ്ടാവില്ലെന്നാണ് റെയിൽവേ മന്ത്രി തന്നെ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 

2020 മാർച്ചിന് മുമ്പ്, മുതിർന്ന പൗരൻമാരുടെ കാര്യത്തിൽ, എല്ലാ ക്ലാസുകളിലും റെയിൽവേ യാത്ര ചെയ്യുന്നതിനായി സ്ത്രീ യാത്രക്കാർക്ക് 50% ഉം പുരുഷ യാത്രക്കാർക്ക് 40%ഉം കിഴിവ് നൽകിയിരുന്നു. ഈ ഇളവ് ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി സ്ത്രീകൾക്ക് 58 ഉം പുരുഷന്മാർക്ക് 60 ഉം ആയിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button