ദില്ലി: റെയില്‍വെ ടിക്കറ്റ് ബുക്കിംഗിനായി ഉപയോഗിക്കുന്ന അനധികൃത സോഫ്‌റ്റ്വെയറും അതുപയോഗിക്കുന്ന ഏജന്റുമാരെയും കണ്ടെത്തിയതോടെ ഇനി കൂടുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. എഎന്‍എംഎസ്, എംഎസി, ജാഗ്വര്‍ എന്നീ സോഫ്‌റ്റ്വെയറുകള്‍ ഐആര്‍സിടിസിയില്‍ ഒളിച്ചുകടന്നാണ് തട്ടിപ്പ് നടത്തിയത്. അതുകൊണ്ട് സാധാരണ യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിംഗിന് വലിയ തടസം നേരിട്ടിരുന്നു.
നേരത്തെ ഒന്നോ രണ്ടോ മിനിറ്റ് കൊണ്ട് തീര്‍ന്നുപോകുമായിരുന്ന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഇനി മണിക്കൂറുകള്‍ ലഭിക്കുമെന്നാണ് വന്‍ തട്ടിപ്പ് ലോബിയെ പിടികൂടിയതിന്റെ സന്തോഷത്തോടെ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറയുന്നത്. ഐആര്‍സിടിസി വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് 2.55 മിനിറ്റ് ബുക്കിംഗിന് സമയം ആവശ്യമായി വരുമ്പോള്‍ വ്യാജ സോഫ്‌റ്റ്വെയര്‍ വഴി 1.48 സെക്കന്റില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. 50 കോടി മുതല്‍ 100 കോടി മൂല്യമുള്ളതായിരുന്നു ഈ അനധികൃത ടിക്കറ്റ് വില്‍പ്പന.
തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഏജന്റുമാര്‍ക്ക് റെയില്‍വെ അനുവാദം നല്‍കിയിട്ടില്ല. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഈ സോഫ്‌റ്റ്വെയറുകള്‍ ഉപയോഗിച്ച് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു ആര്‍പിഎഫ്.