മേലുദ്യോഗസ്ഥനോട് വൈരാഗ്യം; സിഗ്‌നല്‍ വയറുകള്‍ മുറിച്ചുമാറ്റിയ രണ്ട് ജീവനക്കാരെ റെയില്‍വെ പിരിച്ചുവിട്ടു

കണ്ണൂര്‍: മേലുദ്യോഗസ്ഥനോട് വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് സിഗ്നല്‍വയറുകള്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ ഫറോക്ക് റെയില്‍വെ സ്റ്റേഷനിലെ സിഗ്‌നല്‍ വിഭാഗത്തിലെ രണ്ട് സാങ്കേതിക ജീവനക്കാരെ റെയില്‍വേ പിരിച്ചുവിട്ടു. കക്കോടി സ്വദേശി പ്രവീണ്‍രാജ് (34), സുല്‍ത്താന്‍ബത്തേരി കോട്ടൂര്‍ ജിനേഷ് (33) എന്നിവരെയാണ് പിരിച്ചുവിട്ടത്.

കോഴിക്കോട് സീനിയര്‍ സെക്ഷന്‍ എന്‍ജിനീയറോടുള്ള (സിഗ്‌നല്‍) വിരോധം തീര്‍ക്കാനാണ് സിഗ്‌നല്‍ മുറിച്ചതെന്ന് പ്രതികള്‍ അന്വേഷേണാദ്യോഗസ്ഥരോട് സമ്മതിക്കുകയായിരുന്നു. യാത്രക്കാരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നും മനപ്പൂര്‍വം സിഗ്‌നല്‍ സംവിധാനം കേട് വരുത്തിയെന്നുമാണ് ഇവര്‍ക്കെതിരായ കുറ്റങ്ങള്‍.

2021 മാര്‍ച്ച് 24-നായിരുന്നു ഇവര്‍ വയറുകള്‍ മുറിച്ചുമാറ്റിയത്. സംഭവത്തിനുശേഷം മംഗളൂരു, പാലക്കാട് എന്നിവിടങ്ങളിലേക്ക് ഇരുവരെയും സ്ഥലം മാറ്റിയിരുന്നു. മദ്യപിച്ചതിനെത്തുടര്‍ന്ന് പറ്റിപ്പോയതാണ് എന്നതടക്കമുള്ള പ്രതികളുടെ വാദങ്ങള്‍ റെയില്‍വേ തള്ളുകയായിരുന്നു.

ഫറോക്കിനും വെള്ളയിലിനുമിടയില്‍ റെയില്‍വേ പാളത്തില്‍ അഞ്ചിടത്താണ് ഇവര്‍ സിഗ്‌നല്‍ ബോക്സിലെ വയറുകള്‍ മുറിച്ചുമാറ്റിയത്. പച്ച സിഗ്‌നലിന് പകരം മഞ്ഞ സിഗ്‌നലാക്കിവെച്ചു. സിഗ്‌നല്‍ തകരാറിലായതോടെ കോഴിക്കോട്, ഫറോക്ക്, വെള്ളയില്‍ പരിധിയില്‍ ചരക്കുവണ്ടികള്‍ ഉള്‍പ്പെടെ 13 വണ്ടികള്‍ വൈകി. രണ്ടുമണിക്കൂര്‍ അറ്റകുറ്റപ്പണി നടത്തിയാണ് പിന്നീട് സിഗ്‌നല്‍ സംവിധാനം പൂര്‍വസ്ഥിതിയിലാക്കിയത്. വിദഗ്ധപരിശീലനം നേടിയവര്‍ക്ക് മാത്രമേ സിഗ്‌നല്‍ കമ്പികള്‍ മുറിച്ചുമാറ്റാന്‍ കഴിയൂവെന്ന് ആര്‍പിഎഫ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

സാക്ഷിമൊഴിയും സിസിടിവി ദൃശ്യങ്ങളുമാണ് പ്രതികളെ കുടുക്കിയത്. സാധാരണഗതിയില്‍ ഇത്തരത്തില്‍ വയറുകള്‍ മുറിച്ചാല്‍ സിഗ്‌നല്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന അടയാളമാണ് കാണുക. എന്നാല്‍, നിലവിലെ സിഗ്‌നല്‍ തെറ്റായി ക്രമീകരിച്ചുവെച്ചതിനാല്‍ സ്റ്റേഷന്‍ അധികൃതര്‍ക്ക് മനസ്സിലാകില്ല. പച്ച സിഗ്‌നല്‍ കൊടുത്താലും സിഗ്‌നല്‍ മഞ്ഞയില്‍ത്തന്നെ തുടരും. ജാഗ്രതാ സൂചന കാണിക്കുന്ന സിഗ്‌നലാണ് മഞ്ഞ സിഗ്‌നല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News