ഏറ്റുമാനൂർ:പാസഞ്ചർ സർവീസ്സസ് കമ്മറ്റി ചെയർമാൻ ശ്രീ. രമേശ് ചന്ദ്ര രത്തൻ, കമ്മിറ്റി അംഗങ്ങൾക്കും സീനിയർ റെയിൽവേ അധികാരികൾക്കൊപ്പം ഏറ്റുമാനൂർ സ്റ്റേഷൻ സന്ദർശിച്ചു. ഓൾ കേരള പാസഞ്ചർ യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ. പോൾ മാൻവെട്ടം പൊന്നാടയണിയിച്ചു സ്വീകരിച്ച ശേഷം ഏറ്റുമാനൂർ സ്റ്റേഷന്റെ ആവശ്യങ്ങളടങ്ങിയ നിവേദനം സമർപ്പിച്ചു. തിരുവനന്തപുരം ഡിവിഷൻ സീനിയർ കൊമേഴ്സിയൽ മാനേജർ, ഏരിയ മാനേജർ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു
ഏറ്റുമാനൂർ സ്റ്റേഷൻ നവീകരിച്ച ശേഷവും ഇപ്പോഴും യാത്രക്കാർ വഴിതെറ്റി പഴയ സ്റ്റേഷനിലേയ്ക്ക് സഞ്ചരിക്കുന്നത് പതിവാണ്. ഇതിന് പരിഹാരമായി ഏറ്റുമാനൂർ സ്റ്റേഷന്റെ പ്രധാന കാവാടത്തിൽ ബോർഡ് സ്ഥാപിക്കണമന്ന് ആവശ്യപ്പെട്ടു. അതുപോലെ ട്രെയിൻ കടന്നുപോകുന്ന രണ്ടും മൂന്നും പ്ലാറ്റ് ഫോമിലെ ടാപ്പിൽ വെള്ളമെത്തിക്കാനും ശീതീകരിച്ച കുടിവെള്ള സംഭരണി സ്ഥാപിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.
ബസ് സ്റ്റോപ്പിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേയ്ക്കുള്ള 400 മീറ്റർ ദൂരത്തിൽ വഴിവിളക്കുകൾ ഇല്ലാത്തതും നിലവിലെ പാർക്കിംഗ് സൗകര്യം അപര്യാപ്തമാണെന്നും ചൂണ്ടിക്കാണിച്ചു. ട്രെയിൻ നിർത്തുന്ന രണ്ടും മൂന്നും പ്ലാറ്റ് ഫോമിന്റെ മധ്യത്തിൽ റ്റീ സ്റ്റാൾ സ്ഥാപിക്കുന്ന കാര്യത്തിൽ ഉടനടി പരിഹാരം ഉണ്ടാകുമെന്ന് ശ്രീ. രമേശ് ചന്ദ്ര രത്തൻ യാത്രക്കാരോട് പറഞ്ഞു.
നിരവധി യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമായ പാലരുവി എക്സ്പ്രസ്സിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ഏറ്റുമാനൂർ നഗരസഭാ കൗൺസിലർ ശ്രീമതി ഉഷാ സുരേഷ് ആവശ്യപ്പെട്ടു. തന്മൂലം സ്ത്രീ യാത്രക്കാരടക്കം കടുത്ത യാത്രാക്ലേശമാണ് നേരിടുന്നതെന്ന് അവർ റെയിൽവേ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി.
ഏറ്റുമാനൂർ സ്റ്റേഷനും പരിസരവും വീക്ഷിച്ച പാസഞ്ചർ സർവീസ്സസ് കമ്മറ്റി ചെയർമാൻ ശ്രീ രമേശ് ചന്ദ്ര രത്തൻ സ്റ്റേഷൻ ശുചീകരണം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. ശുചീകരണത്തിന് മേൽനോട്ടം വഹിക്കുന്നവരെയും ശുചീകരണ തൊഴിലാളികളെയും അഭിനന്ദിച്ച അദ്ദേഹം ഏറ്റുമാനൂർ സ്റ്റേഷന് പാരിതോഷികമായി ക്യാഷ് അവാർഡ് പ്രഖ്യാപിച്ചു. ഒപ്പം കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ടാപ്പിലെ വെള്ളത്തിന്റെ ശക്തി നിയന്ത്രിക്കാനും അദ്ദേഹം സ്റ്റേഷൻ അധികാരികൾക്ക് നിർദ്ദേശം നൽകി.
നിർത്തലാക്കിയ ഹാൾട്ട് സ്റ്റേഷൻ പുനരാരംഭിക്കണമെന്നും സാധാരണക്കാരായ യാത്രക്കാർ കടുത്ത ദുരിതമാണ് ഇതുമൂലം അനുഭവിക്കുന്നതെന്നും ശ്രീ. പോൾ മാൻവെട്ടം നിവേദനത്തിൽ സൂചിപ്പിച്ചു.
പാസഞ്ചർ സർവീസ്സസ് കമ്മറ്റിയിലെ കേരളത്തിലെ ഏക അംഗമായ ശ്രീ. ഏറ്റുമാനൂർ രാധാകൃഷ്ണൻ യാത്രക്കാരുടെ പ്രശ്നങ്ങൾ തന്റെ നാടിന്റെ പ്രശ്നമാണെന്ന് ചെയർമാന്റെ ശ്രദ്ധയിൽപ്പെടുത്തി. ബിജെപി കോട്ടയം ജില്ലാ നേതൃത്വം, ഏറ്റുമാനൂർ നഗരസഭ കൗൺസിലറുമാർ, ഏറ്റുമാനൂർ പാസഞ്ചർ അസോസിയേഷൻ അംഗങ്ങളടക്കം നിരവധിയാളുകൾ സന്നിഹിതരായിരുന്നു.