തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനുകൾ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സമയകൃത്യത പാലിക്കുന്നതായി റെയിൽവേയുടെ അവകാശവാദം. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ ട്രെയിനുകൾ സമയ ക്ലിപ്തതയുടെ കാര്യത്തിൽ 95 ശതമാനത്തിൽ എത്തിയതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. നേരത്തെ ഇത് 50 മുതൽ 60 ശതമാനം വരെ മാത്രമായിരുന്നു. പാലക്കാട് ഡിവിഷനെ അപേക്ഷിച്ച് തിരുവനന്തപുരം ഡിവിഷനാണ് സമയകൃത്യതയുടെ കാര്യത്തിൽ ഒരുപടി മുന്നിലുള്ളത്.
അതേസമയം സമയകൃത്യത സംബന്ധിച്ച് റെയിൽവേയുടെ അവകാശവാദം പൊള്ളത്തരമാണെന്നാണ് യാത്രക്കാർ പറയുന്നത്. അവസാന സ്റ്റേഷനിലെത്തേണ്ട സമയം ദീർഘിപ്പിച്ചാണ് ട്രെയിനുകൾ സമയകൃത്യത പാലിക്കുന്നതായി റെയിൽവേ വരുത്തി തീർക്കുന്നതെന്നും യാത്രക്കാർ പറയുന്നു.
എന്നാൽ രാജ്യത്തെ ഭൂരിഭാഗം എക്സ്പ്രസ് ട്രെയിനുകളുടെയും യാത്രാസമയം കുറയ്ക്കുകയും വേഗത വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് റെയിൽവേ വൃത്തങ്ങൾ പറയുന്നു. മുൻ കാലങ്ങളിൽ എക്സ്പ്രസ് ട്രെയിനുകളുടെ ശരാശരി ഉയർന്ന വേഗത മണിക്കൂറിൽ 100-110 കിലോമീറ്ററായിരുന്നു. എന്നാൽ ഇപ്പോൾ അത് മണിക്കൂറിൽ 130 കിലോമീറ്ററാണെന്നും റെയിൽവേ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു.
അതിനൊപ്പം ട്രെയിനുകളുടെ യാത്രാസമയം അഞ്ച് മിനിട്ടുമുതൽ ഒരു മണിക്കൂർ വരെ കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും അവർ പറയുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ട്രെയിനുകൾ സമയകൃത്യത പാലിക്കാൻ തുടങ്ങിയതോടെ സംസ്ഥാനത്ത് അകത്ത് ഓടുന്ന ട്രെയിനുകളും കൃത്യ സമയത്ത് ഓടാൻ തുടങ്ങി.
വേഗ നിയന്ത്രണ പോയിന്‍റുകളുടെ(പെർമനന്‍റ് സ്പീഡ് റെസ്ട്രിക്ഷൻ- പി.എസ്.ആർ) എണ്ണം കൂടുതലായതുകൊണ്ടാണ് മുമ്പ് ട്രെയിനുകളുടെ സമയക്ലിപ്തത കുറയാൻ കാരണമായിരുന്നത്. ട്രാക്കിലെ അലൈൻമെന്‍റ്, പാളത്തിന്‍റെ പഴക്കം, വളവ് എന്നിവ കാരണമാണ് ട്രെയിനുകൾക്ക് വേഗ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇക്കഴിഞ്ഞ ലോക്ക്ഡൌൺ കാലത്ത് ഇത്തരം സാങ്കേതിക പ്രശ്നങ്ങളെല്ലാം റെയിൽവേ പരിഹരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ റെയിൽവേ ട്രാക്കുകളിലെ പി എസ് ആറുകളുടെ എണ്ണം വലിയ തോതിൽ കുറയ്ക്കാൻ റെയിൽവേയ്ക്ക് സാധിച്ചു. ഇത് ട്രെയിനുകളുടെ വേഗം വർദ്ധിപ്പിക്കാനും സമയക്ലിപ്തത കൂടുതൽ മെച്ചപ്പെടുത്താനും സഹായകരമായെന്ന് റെയിൽവേ വൃത്തങ്ങൾ പറയുന്നു.
എന്നാൽ റെയിൽവേയുടെ വാദം തള്ളുകയാണ് യാത്രക്കാർ. ചില ട്രെയിനുകളുടെ അവസാന സ്റ്റേഷനുകളിലെത്തേണ്ട സമയം ദീർഘിപ്പിച്ചാണ് റെയിൽവേ സമയക്ലിപ്തത മെച്ചപ്പെടുത്തിയെന്ന് അവകാശപ്പെടുന്നതെന്നും യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു. കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്തുന്ന ജനശതാബ്ദി നാലു വർഷം മുമ്പ് 8.50നാണ് തിരുവനന്തപുരത്ത് എത്തിയിരുന്നത്. എന്നാൽ ഇന്ന് ജനശതാബ്ദി തിരുവനന്തപുരത്ത് എത്തേണ്ട സമയം 9.25 ആണ്.
ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിയിരുന്നത് 1.10ന് ആയിരുന്നു. ഇപ്പോൾ അത് 12.55 എന്ന സമയത്തിലേക്ക് പുനഃക്രമീകരിച്ചിട്ടുണ്ട്. എന്നാൽ എറണാകുളത്ത് 15 മിനിട്ട് നേരത്തെ എത്തുന്നുണ്ടെങ്കിലും തിരുവനന്തപുരത്ത് എത്തുന്ന സമയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് യാത്രക്കാർ പറയുന്നു. പഴയതുപോലെ വൈകിട്ട് 6.30ന് തന്നെയാണ് ഇപ്പോഴും ശബരി തിരുവനന്തപുരത്ത് എത്തുന്നതെന്ന് യാത്രക്കാർ പറയുന്നു.