ബിജെപി നേതാവിന്റെ റിസോർട്ടിൽ റെയ്ഡ്; ‘കണ്ടത് അനാശാസ്യ കേന്ദ്രം’, 73 അറസ്റ്റ്

ഷില്ലോങ്: മേഘാലയ ബിജെപി വൈസ് പ്രസിഡന്റ് ബെർണാഡ് എൻ.മാരക് റിംപുവിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നതായി പൊലീസ്. വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലുള്ള റിസോർട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ 73 പേരെ അറസ്റ്റു ചെയ്തു. സംഭവത്തിനു പിന്നാലെ ബെർണാഡിനെ കാണാതായെന്നാണു റിപ്പോർട്ട്; പൊലീസ് തിരച്ചിൽ ആരംഭിച്ചു.

താൻ ഒളിവിൽ പോയിട്ടില്ലെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ബെർണാഡ് അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി കോൺറാഡ് സാങ്മയാണ് റെയ്ഡിനു പിന്നിലെന്ന് ബെർണാഡ് ആരോപിച്ചു. തന്നെ കള്ളക്കേസിൽ കുടുക്കാൻ കോൺറാഡ് പൊലീസിനെ കൂട്ടുപിടിച്ച് ഫെബ്രുവരിയിലെ പോക്സോ കേസുമായി ഇതിനെ ബന്ധിപ്പിക്കുകയാണെന്നും ബെർണാഡ് ആരോപിച്ചു.

വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച പകലുമായാണ് റെയ്ഡ് നടന്നത്. റിസോർട്ടിൽ വൃത്തിഹീനമായ മുറികളിൽ പൂട്ടിയിട്ട നിലയിൽ ആറോളം കുട്ടികളെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കുട്ടികളെല്ലാം വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. അവർക്ക് സംസാരിക്കാൻ പോലും കഴിയുമായിരുന്നില്ല. അവിടെനിന്ന് കണ്ടെടുത്ത വസ്തുക്കളും റിസോർട്ടിന്റെ ഘടനയും സൂചിപ്പിക്കുന്നത് അവിടെ അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നു എന്നാണെന്ന് പൊലീസ് വ്യക്തമാക്കി.

ഇതെല്ലാം നിഷേധിച്ച ബെർണാഡ് അനധികൃതമായ യാതൊരു പ്രവർത്തനങ്ങളും അവിടെ നടക്കുന്നില്ലെന്നു പറഞ്ഞു. കസ്റ്റഡിയിൽ എടുത്തവരിൽ ആരും മോശം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരല്ല. താൻ സ്പോൺസർ ചെയ്തു പഠിപ്പിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ പൊലീസ് അതിക്രമിച്ചു കയറി ഉപദ്രവിക്കുകയും അവർ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി ആരോപിക്കുകയും ആണെന്നും ബെർണാഡ് പറഞ്ഞു.

ഗാരോ ഹില്ലിലെ സ്വയംഭരണ ജില്ലാ കൗൺസിലിലെ ജനപ്രതിനിധിയാണ് ബെർണാഡ്. പോക്സോ കേസിലടക്കം പ്രതിയായ ബെർണാഡ് മേഘാലയ ഭരണകക്ഷിയായ മേഘാലയ ഡെമോക്രാറ്റിക് അലൈൻസുമായി നിരന്തരം വാഗ്വാദങ്ങളിൽ ഏർപ്പെട്ട് വാർത്തകളിൽ ഇടം നേടാറുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News