കൊച്ചി:മോൺസൻ മാവുങ്കലിന്റെ ചേർത്തലയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തി. കൊച്ചിയിൽ നിന്നെത്തിയ സംഘമാണ് റെയ്ഡ് നടത്തിയത്. ഇതിനിടെ മോൺസൻ മാവുങ്കിലിന്റെ കൊച്ചിയിലെ വീട്ടിൽ നിന്ന് കണ്ടെടുത്ത രണ്ട് ആന കൊമ്പുകളും വ്യജമാണെന്ന സംശയം ബലപ്പെട്ടു. ഇത് പരിശോധനക്കയച്ചിരിക്കുകയാണ്.
ഒട്ടകത്തിന്റെ എല്ല് പോളിഷ് ചെയ്താണ് ആനക്കൊമ്പിന്റെ രൂപമുണ്ടാക്കിയതെന്നാണ് മോൺസണിന്റെ മൊഴി. വനംവകുപ്പാണ് ആനക്കൊമ്പ് പിടിച്ചെടുത്തത്. വീടിനുള്ളിൽ ശംഖുകളും പിടിച്ചെടുത്തിട്ടുണ്ട്. കോടനാട് നിന്നെത്തിയ വനംവകുപ്പ് സംഘമാണ് ഇത് പിടിച്ചെടുത്തത്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ച് ഇവയുടെ പരിശോധന നടത്തും.
മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറും ഇന്ന് മോൺസന്റെ വീട്ടിൽ റെയ്ഡ് നടത്തി. വീട്ടിലുള്ള ആഡംബര കാറുകളെല്ലാം അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ്. ഇവയെല്ലാം ഇങ്ങോട്ട് കൊണ്ടുവന്നതടക്കം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് അന്വേഷിക്കുന്നുണ്ട്.
അതിനിടെ മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിൽ കെ സുധാകരന് ആശ്വാസകരമാകുന്ന തരത്തിൽ പരാതിക്കാരന്റെ മൊഴി. ക്രൈംബ്രാഞ്ച് പരാതിക്കാരുടെ ഇന്നത്തെ മൊഴിയെടുക്കൽ പൂർത്തിയായി. കെ സുധാകരനെ നിരവധി തവണ വീട്ടിൽ വെച്ച് കണ്ടിട്ടുണ്ടെന്ന് പരാതിക്കാരൻ രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. പണം കൈമാറുമ്പോൾ സുധാകരനെ കണ്ടിട്ടില്ലെന്നും മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളെയും മോൻസന്റെ വീട്ടിൽ വെച്ച് കണ്ടിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
മോൻസന്റെ വീട്ടിൽ വെച്ച് കണ്ട മറ്റ് രാഷ്ട്രീയ നേതാക്കളുടെ പേരുകൾ വെളിപ്പെടുത്താൻ രാജീവ് തയ്യാറായില്ല. ‘ഞാൻ 1.68 കോടി രൂപ കൊടുത്തിട്ടുണ്ട്. എന്റെയൊരു സുഹൃത്താണ്, ഫണ്ട് ക്ലിയർ ചെയ്യാനുണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞപ്പോഴാണ് പണം നൽകിയത്. പണം തിരികെ തരാതെ ഒരു വർഷം കഴിഞ്ഞു. അതിനാലാണ് പരാതിയുമായി പോയത്.
കെ സുധാകരനെ മോൻസന്റെ വീട്ടിൽ ഒന്ന്-രണ്ട് തവണ കണ്ടിരുന്നു. ബന്ധങ്ങൾ പറഞ്ഞ് വിശ്വസിപ്പിച്ചും രേഖകൾ കാണിച്ച് വിശ്വസിപ്പിച്ചത് കൊണ്ടുമാണ് പണം നൽകിയത്. എല്ലാ രാഷ്ട്രീയ പാർട്ടിയിലെയും നേതാക്കളെ മോൻസന്റെ വീട്ടിൽ വെച്ച് കണ്ടിരുന്നു.അവരുടെ പേരുകൾ ഇപ്പോൾ വെളിപ്പെടുത്താൻ താത്പര്യപ്പെടുന്നില്ല,’ – രാജീവ് പറഞ്ഞു.