ഹൈദരാബാദ്: തെലങ്കാനയില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 70 കോടിയുടെ അനധികൃത സ്വത്ത് പിടികൂടി. അഴിമതി വിരുദ്ധ വിഭാഗത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മാല്‍കജ്ഗിരി എസിപി യെല്‍മകുരി നരസിംഹ റെഡ്ഡിയുടെ വീട്ടിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും നടത്തിയ റെയ്ഡില്‍ ആണ് അനധികൃത സ്വത്ത് കണ്ടുകെട്ടിയത്.
തെലങ്കാനയിലെ ഹൈദരാബാദ്, വാറങ്കല്‍, ജാങ്കോണ്‍, നല്‍ഗോണ്ട, കരീം നഗര്‍ തുടങ്ങിയ ജില്ലകളിലും ആന്ധ്രപ്രദേശിലെ അനന്ത്പുര്‍ ജില്ലയിലുമാണ് അഴിമതി വിരുദ്ധ വിഭാഗത്തിന്റെ റെയ്ഡ് നടന്നത്. അനന്ത്പുരില്‍ നിന്നും 55 ഏക്കര്‍ വരുന്ന കൃഷിഭൂമിയും രണ്ട് വീടുകളും മറ്റ് നിരവധി ഇടങ്ങളില്‍ ഭൂമിയും രണ്ട് ബാങ്ക് ലോക്കറുകളിലായി 15 ലക്ഷവും റിയല്‍ എസ്റ്റേറ്റിലുള്‍പ്പെടെ നിക്ഷേപം നടത്തിയതിന്റെ രേഖകളും കണ്ടെത്തി. കണ്ടെടുത്ത സ്വത്തുക്കള്‍ റെഡ്ഡി അനധികൃതമായി സമ്പാദിച്ചതാണെന്നാണ് കണ്ടെത്തല്‍.