NationalNews

വയനാടോ റായ്ബറേലിയോ; രാഹുൽ ​ഗാന്ധിയുടെ കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമാകും

ന്യൂ ഡൽഹി: രണ്ട് മണ്ഡലങ്ങളിലും വിജയിച്ചതിൽ രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന് തിങ്കളാഴ്ചയോടെ വ്യക്തമാകും. രാഹുല്‍ ഒഴിയുന്ന മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്. പ്രതിപക്ഷ നേതാവാരെന്ന തീരുമാനം അടുത്തയാഴ്ച പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം സ്പീക്കറെ അറിയിക്കുമെന്നാണ് വിവരം. റായ്ബറേലി നിലനിര്‍ത്തണമെന്ന പാര്‍ട്ടിയിലെ വികാരം രാഹുല്‍ മാനിക്കുമോ അതോ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന വയനാട്ടില്‍ തുടരുമോ എന്നുള്ളതാണ് എല്ലാവരും ഉറ്റനോക്കുന്നത്.

ഇക്കാര്യത്തിൽ രണ്ട് ദിവസത്തിനുള്ളില്‍ ചിത്രം തെളിയും. ഫലം വന്ന് 14 ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നതിനാല്‍ ചൊവ്വാഴ്ച കാലാവധി കഴിയും. തീരുമാനം നാളെയോ മറ്റന്നാളോ ഉണ്ടാകും. രാഹുല്‍ വയാനാട് ഒഴിഞ്ഞേക്കുമെന്ന സൂചന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയതോടെ റായ്ബറേലിക്ക് തന്നെയാണ് അവസാന ചര്‍ച്ചകളിലും സാധ്യത.

രാഹുല്‍ റായ്ബറേലിയില്‍ നില്‍ക്കണമെന്ന് ഉത്തരേന്ത്യന്‍ നേതാക്കളും വയനാട്ടില്‍ നിന്ന് പോകരുതെന്ന് കേരള നേതാക്കളും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു.രാഹുല്‍ ഒഴിയുന്നത് ഏത് മണ്ഡലമാണോ അവിടെ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്.

വയനാട്ടിലും റായ്ബറേലിയിലും എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തീരുമാനം വരുമെന്ന രാഹുലിന്‍റെ പ്രതികരണം പ്രിയങ്കയുടെ മത്സര സാധ്യതയായി കാണുന്നുണ്ട്. മോദി മന്ത്രിസഭയിലെ കുടുംബാധിപത്യത്തിനെതിരെ രാഹുല്‍ വിമര്‍ശനമുയര്‍ത്തിയതോടെ ഒരാള്‍ കൂടി ഗാന്ധി കുടുംബത്തില്‍ നിന്ന് വന്നാല്‍ ചോദ്യം ചെയ്യപ്പെടാനിടയുണ്ട്.

മത്സരിക്കാനില്ലന്ന മുന്‍ നിലപാടില്‍ നിന്ന് പ്രിയങ്ക പിന്നോട്ട് പോയിട്ടില്ലെന്നാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.അതേസമയം, സ്പീക്കര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ നേതാവ് ആരെന്ന് പ്രഖ്യാപിക്കും.

പാര്‍ട്ടിയിലെയും ഇന്ത്യ സഖ്യത്തിലെയും നേതാക്കളുടെ സമ്മര്‍ദ്ദം രാഹുലിന് മേല്‍ ശക്തമാണ്. തല്‍ക്കാലം മറ്റ് പേരുകളൊന്നും ചര്‍ച്ചയിലില്ലെന്ന് നേതാക്കള്‍ പറയുമ്പോള്‍, ഇത്രയും അനുകൂല സാഹചര്യമായിട്ടും അനിശ്ചിതത്വം ഉണ്ടാക്കുന്നതില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button