ന്യൂഡല്‍ഹി:നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നാളെ വീണ്ടും ചോദ്യം ചെയ്യും. സോണിയാ ഗാന്ധിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യല്‍ രാഹുലിന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞയാഴ്ച മൂന്ന് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനുണ്ടെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്.
രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യുമ്പോള്‍ പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. മുഴുവന്‍ എംപിമാരോടും ഇന്ന് വൈകുന്നേരത്തോടെ ദില്ലിയിലെത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പൊലീസ് തടഞ്ഞാല്‍ എംപിമാരുടെ വീടുകളിലോ ജന്തര്‍മന്തറിലോ സമരം നടത്താനാണ് തീരുമാനം.
മോദിയും അമിത് ഷായും ചേര്‍ന്ന് രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും, തീവ്രവാദികളെ നേരിടുന്നത് പോലെയാണ് എംപിമാരോട് പെരുമാറിയതെന്നും രാജ്യസഭ , ലോക്സഭ അധ്യക്ഷന്മാര്‍ക്ക് പരാതി നല്‍കിയ എംപിമാര്‍ പ്രതികരിച്ചു. രാഹുല്‍ഗാന്ധിയുടെ അറസ്റ്റുണ്ടായാല്‍ രാജ്യത്തുടനീളം പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. മുന്‍കൂര്‍ ജാമ്യത്തിന് പോകേണ്ടതില്ലെന്ന രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശവും രാഷ്ട്രീയമായി നേരിടാനുള്ള നീക്കത്തിന്‍റെ ഭാഗമാണ്.
കർഷകരുടെ നിരന്തര പ്രതിഷേധത്തെ തുടർന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കേണ്ടി വന്നത് പോലെ അഗ്നിപഥ് പ്രതിരോധ റിക്രൂട്ട്‌മെന്റ് പദ്ധതിയും (Agnipath Row) പ്രധാനമന്ത്രിക്ക് പിന്‍വലിക്കേണ്ടിവരുമെന്ന് നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi). യുവാക്കളുടെ ആവശ്യം കേന്ദ്രത്തിന് അംഗീകരിക്കേണ്ടിവരും, അഗ്നിപഥ് പദ്ധതി പിന്‍വലിക്കേണ്ടിവരുമെന്ന് രാഹുല്‍ പ്രതികരിച്ചു. അഗ്നിപഥ് റിക്രൂട്ട്‌മെന്റിനെതിരെ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്‍റെ പ്രതികരണം.
കഴിഞ്ഞ എട്ട് വർഷമായി ബിജെപി സർക്കാർ ‘ജയ് ജവാൻ, ജയ് കിസാൻ’ മൂല്യങ്ങളെ അപമാനിക്കുകയാണ്. പ്രധാനമന്ത്രിക്ക് ബ്ലാക്ക് ഫാം നിയമങ്ങൾ പിൻവലിക്കേണ്ടിവരുമെന്ന് താന്‍ നേരത്തെ പറഞ്ഞതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തൊഴിൽരഹിതരായ യുവാക്കളുടെ വേദനയും നിരാശയും സർക്കാർ മനസ്സിലാക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ആരോപിച്ചു. യുവാക്കളെ സഹായിക്കുന്നതിനുപകരം നിയമനം, റാങ്ക് എന്നിവയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ സര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.
കോണ്‍ഗ്രസ് അഗ്നിപഥ് പ്രതിഷേധക്കാര്‍ക്കൊപ്പമെന്ന് സോണിയ ഗാന്ധിയും പ്രതികരിച്ചു. സമാധനാപരമായി പ്രതിഷേധം തുടരണമെന്നും സോണിയ ആവശ്യപ്പെട്ടു. പ്രതിഷേധം കനത്തതോടെ 17-നും 21-നും ഇടയിൽ പ്രായമുള്ള യുവാക്കളെ നാല് വർഷത്തേക്ക് അഗ്നിപഥ് പദ്ധതിയില്‍ ഉൾപ്പെടുത്തുമെന്നും റിക്രൂട്ട് ചെയ്തവരിൽ 25 ശതമാനം പേരെ റെഗുലർ സർവീസിനായി നിലനിർത്തുമെന്നും കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
അതേസമയം നാലാം ദിവസവും അഗ്നിപഥ് പ്രതിഷേധം രാജ്യത്ത് ആളിക്കത്തുകയാണ്. ബിഹാറിൽ വാഹനങ്ങൾക്ക് തീയിട്ടു. ട്രെയിൻ യാത്രക്കാരൻ മരിച്ചു. ഇതിനിടെ പ്രതിഷേധം തണുപ്പിക്കാൻ അർദ്ധസൈനിക വിഭാഗങ്ങളിൽ പത്ത് ശതമാനം സംവരണം കേന്ദ്രം പ്രഖ്യാപിച്ച്. അഗ്നിപഥിനെതിരെ സെക്കന്തരാബാദില്‍ നടന്നത് ആസൂത്രിത പ്രതിഷേധമെന്നാണ് റെയില്‍വേ പൊലീസിന്‍റെ റിപ്പോര്‍ട്ട്.
സൈന്യത്തില്‍ ജോലി ലഭിച്ചേക്കില്ലെന്ന പ്രചാരണത്തെ തുടര്‍ന്ന് എഴുത്തുപരീക്ഷയ്ക്ക് കാത്തിരുന്നവരാണ് പ്രതിഷേധിച്ചത്. നൂറിലധികം പൊലീസുകാരുണ്ടായിരുന്നെങ്കിലും ആയിരത്തോളം പ്രതിഷേധക്കാര്‍ ഏഴ് ഗെയ്റ്റുകളിലൂടെ പാഞ്ഞ് എത്തിയതിനാല്‍ രണ്ട് മണിക്കൂര്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്ന് റെയില്‍വേ പൊലീസിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. പാര്‍സല്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളും ബൈക്കുകളും അടക്കം പ്രതിഷേധക്കാര്‍ കത്തിച്ചിരുന്നു. മൂന്ന് ട്രെയിനുകള്‍ കത്തി നശിച്ചതടക്കം 200 കോടിയുടെ നാശനഷ്ടമാണ് ഇതുവരെ കണക്കാക്കിയിരിക്കുന്നത്.