രാഹുൽ കോൺഗ്രസിൽനിന്ന് പുറത്തേക്ക്; ഷാഫിയടക്കം നേതാക്കൾ കൈവിട്ടു

തിരുവനന്തപുരം: ബലാത്സംഗവും നിർബന്ധിത ഗർഭഛിദ്രവും അടക്കമുള്ള പരാതികളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ രാജി അനിവാര്യമാകുന്നു. കോൺഗ്രസിനുള്ളിൽനിന്നുതന്നെ ശക്തമായ സമ്മർദം ഉയരുന്ന സാഹചര്യത്തിൽ എംഎഎൽഎ സ്ഥാനം രാജിവെക്കുകയല്ലാതെ രാഹുലിനും പാർട്ടി നേതൃത്വത്തിനും മുന്നിൽ മറ്റുവഴികളില്ലെന്ന നിലയിലാണ് കാര്യങ്ങൾ എന്നാണ് പുറത്തുവരുന്ന വിവരം. മുൻകൂർ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കാനിരിക്കേയാണ് മറ്റൊരു യുവതിയുടെ പരാതികൂടി പുറത്തുവരികയും രാഹുലിനു മേലുള്ള സമ്മർദം അതിരൂക്ഷമാകുകയും ചെയ്തിതിരിക്കുന്നത്.

രാഹുലിനെതിരായ നടപടി സംബന്ധിച്ച് സംസ്ഥാന നേതാക്കളും ദേശീയ നേതാക്കളും ആശയവിനിമയം നടത്തിയതായാണ് റിപ്പോര്‍ട്ട്. കെപിസിസിയുടെ ശുപാര്‍ശയില്‍ എഐസിസി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. രാഹുല്‍ വിഷയത്തില്‍ കെപിസിസി തലത്തില്‍ ബുധനാഴ്ച കൂടിയാലോചന നടക്കും. ഇതിനു ശേഷമായിരിക്കും തീരുമാനം എഐസിസി നേതൃത്വത്തെ അറിയിക്കുക.

യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തെന്ന കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കേ വീണ്ടും പീഡന പരാതി ഉയര്‍ന്നതോടെയാണ് കോണ്‍ഗ്രസിനു മുന്നില്‍ മറ്റ് വഴികളില്ലാതെയത്. ബെംഗളൂരു സ്വദേശിനിയായ യുവതിയാണ് കഴിഞ്ഞ ദിവസം ഇ-മെയിലില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും പരാതി അയച്ചത്. താന്‍ നേരിട്ടത് ക്രൂരലൈംഗിക പീഡനമാണെന്ന് പരാതിയില്‍ പറയുന്നു. ഇതോടെ രാഹുലിനെതിരേ കടുത്ത വിമര്‍ശനവുമായി സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തെത്തി.

രാഹുലിന്റെ കാര്യത്തില്‍ ഇനി പ്രതീക്ഷയില്ലെന്നും പുകഞ്ഞ കൊള്ളി പുറത്താണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സസ്‌പെന്‍ഷന്‍ എന്നത് തെറ്റുതിരുത്തി തിരിച്ചുവരാനുള്ള ഒരു മാര്‍ഗമായിട്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി അനുവര്‍ത്തിച്ചുവരുന്നതെങ്കിലും ഇക്കാര്യത്തില്‍ ഇനി അതിന് സ്‌കോപ്പില്ലാത്ത സാഹചര്യത്തില്‍ ശക്തമായിട്ടുള്ള നടപടി പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിനെതിരേ കെപിസിസി കടുത്ത നടപടികള്‍ക്ക് ഒരുങ്ങുകയാണെന്ന് മാധ്യമങ്ങളെ അറിയിച്ചതും അദ്ദേഹമാണ്.

പിന്നാലെ രാഹുല്‍ ഇനി പാര്‍ട്ടിയില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനടക്കമുള്ള നേതാക്കള്‍ നിലപാടെടുത്തു. ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ എന്നിവരടക്കമുള്ളവരും രാഹുലിനെതിരേ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. ഒരുസമയത്തും രാഹുലിനെ സംരക്ഷിക്കുന്ന നിലപാട് എടുത്തിട്ടില്ലെന്നും അങ്ങനെ ചെയ്യില്ലെന്നും ജെബി മേത്തറും വ്യക്തമാക്കി. ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണെന്നും അവർ പറഞ്ഞു.  രാഹുലിനെ ഏറെക്കുറെ കൈവിട്ടെന്ന സൂചന നൽകി ഷാഫി പറമ്പിലും പ്രതികരണം നടത്തി. ഇതോടെയാണ് രാഹുലിന്‍റെ രാജി ആസന്നമായെന്ന വിലയിരുത്തലുണ്ടായത്.

പാർട്ടി നടപടി സ്വീകരിക്കുകയാണെങ്കിൽ അത് എന്തായിരിക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാഹുലുമായുള്ള ബന്ധം അവസാനിപ്പിച്ചുകഴിഞ്ഞെന്ന് കോണ്‍ഗ്രസ് നേതാക്കളിൽ ഒരുവിഭാഗം ഏതാണ്ട് ഉറപ്പിച്ചുപറയുന്ന സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നത് രാഹുലിന് എളുപ്പമാകില്ല. ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും അടക്കമുള്ള പരാതികളിൽ അറസ്റ്റിനുള്ള സാധ്യത മുന്നിൽനിൽക്കേ ധാർമികത മുൻനിർത്തി എംഎൽഎ സ്ഥാനം രാജിവെക്കുക എന്നതാണ് രാഹുലിന് മുന്നിലുള്ള വഴി എന്നാണ് വിലയിരുത്തപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News