രാഹുലിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു ; എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും

തിരുവനന്തപുരം:ലൈംഗിക പീഡന ആരോപണങ്ങള്‍ക്കു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ സെപ്റ്റംബര്‍ 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും.

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ രാഹുല്‍ അവധിയില്‍ പ്രവേശിക്കാനാണ് സാധ്യത. പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുലിനോട് കെപിസിസി വിശദീകരണം തേടും. രാഹുല്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാനാണ് നീക്കം.

ദുരനുഭവമുണ്ടായെന്ന യുവനടി റിനി ആന്‍ ജോര്‍ജ്, ട്രാന്‍സ് വുമണ്‍ അവന്തിക എന്നിവരുടെ വെളിപ്പെടുത്തലിനൊപ്പം പല കോണില്‍നിന്ന് രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. രാഹുലിനെ സംബന്ധിച്ച നിരവധി പരാതികള്‍ കേന്ദ്ര നേതൃത്വത്തിനും ലഭിച്ചിരുന്നു. തുടര്‍ന്നു രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. രാഹുല്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ അഭിപ്രായം ഉയര്‍ന്നെങ്കിലും തല്‍ക്കാലം രാജിയില്ലാതെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

എംഎല്‍എ സ്ഥാനത്തുനിന്ന് രാജിവയ്ക്കില്ലെന്ന് രാഹുലും വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി എടുക്കേണ്ട നടപടികളുടെ പ്രാഥമിക ഘട്ടത്തിലാണ് ഇപ്പോള്‍. ആദ്യത്തെ ഘട്ടം മാത്രമാണ് സംഭവിച്ചിരിക്കുന്നത്. ആദ്യം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ചു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇതോടെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും രാഹുലിന് സസ്‌പെന്‍ഷന്‍ ലഭിക്കും

രാഹുലിനെതിരായി വന്ന ആരോപണങ്ങള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. പാര്‍ട്ടിയോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടതായാണ് പാര്‍ട്ടി വിലയിരുത്തല്‍. സമൂഹമാധ്യമങ്ങളില്‍ കുറച്ചുകാലമായി രാഹുലിനെ കേന്ദ്രീകരിച്ചു വ്യക്തിപരമായ ആക്ഷേപങ്ങള്‍ സജീവമായിരുന്നു. നടിയുടെ വെളിപ്പെടുത്തലിനൊപ്പം യുവതിയോടു ഗര്‍ഭഛിദ്രം നടത്താന്‍ ആവശ്യപ്പെടുന്ന ശബ്ദസംഭാഷണം കൂടി രാഹുലിന്റേതെന്ന പേരില്‍ പ്രചരിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തിലായി.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ പരാതികളില്‍ വീട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പെരിയനാട് മണ്ഡലം പ്രസിഡന്റായാണ് രാഹുല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. കെഎസ്യുവില്‍ വിവിധ ചുമതലകള്‍ വഹിച്ചു. 2017ല്‍ കെഎസ്യു പത്തനംതിട്ട ജില്ലാ പ്രസിഡന്റായി. തുടര്‍ന്ന് കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി, എന്‍എസ്യു ദേശീയ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചശേഷമാണു സംസ്ഥാന അധ്യക്ഷനായത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭയിലെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News